യുവാവ്​ ടിപ്പറിടിച്ച്​ മരിച്ച സംഭവം: രണ്ടര കോടി നഷ്​ടപരിഹാരം

കോഴിക്കോട്​: അലക്ഷ്യമായി, അതിവേഗത്തിൽ ഓടിച്ച ടിപ്പർ ലോറിയിടിച്ച്​ ബൈക്ക്​ യാത്രികൻ മരിച്ച സംഭവത്തിൽ രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്​. നടുവണ്ണൂർ സ്വദേശി ഫിറോസ്​ അൻസാരിയാണ്​ 2019 ഏപ്രിൽ 10നുണ്ടായ അപകടത്തിൽ മരിച്ചത്​. ഫിറോസിന്‍റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്​ 2,04,97,800 രൂപ നൽകാനാണ്​ കോഴിക്കോട്​ മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ.ഇ. സാലിഹ്​ വിധിച്ചത്​. എട്ട്​ ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിർകക്ഷികൾ രണ്ടര കോടി രൂപ ആകെ നൽകണം. നടുവണ്ണൂരിനടുത്ത്​ രാത്രി റോഡരികിൽ ബൈക്ക്​ നിർത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പർലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ്​ 10​ ദിവസത്തിന്​ ശേഷം മരിച്ചു. ലോറി ഉടമയായ താമരശ്ശേരി രാരോത്ത്​ തട്ടാൻതൊടുകയിൽ ടി.ടി. മുഹമ്മദ്​ റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാർകുഴിയിൽ പി.കെ. ആഷിഖും ഇൻഷുറൻസ്​ കമ്പനിയായ ചോളമണ്ഡലം എം.എസ്​ ജനറൽ ഇൻഷുറൻസ്​ കമ്പനിയുമായിരുന്നു എതിർ കക്ഷികൾ. ഫിറോസിന്‍റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ്​ പക്കറും മാതാവ്​ സൗദയുമാണ്​ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്​. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന്​ 25 ലക്ഷവും നൽകണം. ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ്​ അൻസാരി ലീവിന്​ നാട്ടിലെത്തിയപ്പോഴാണ്​ അപകടത്തിൽ മരിച്ചത്​. അഡ്വ. ആർ. രതീഷ്​ കുമാർ, അഡ്വ. എ. മുംതാസ്​ എന്നിവർ ഫിറോസിന്‍റെ കുടുംബത്തിനായി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.