ലക്ഷങ്ങൾ പാഴായി; മാവൂരിൽ മത്സ്യ-മാംസ മാർക്കറ്റ് നോക്കുകുത്തി

മാവൂർ: ലക്ഷങ്ങൾ ചെലവഴിച്ച് മാവൂർ അങ്ങാടിയോടു ചേർന്ന് നിർമിച്ച മത്സ്യ-മാംസ മാർക്കറ്റ് ആർക്കും വേണ്ടാതായി. ആസൂത്രണമില്ലാതെയും അശാസ്ത്രീയമായും മത്സ്യമാർക്കറ്റ് നിർമിച്ചതിലൂടെ ലക്ഷങ്ങളാണ് പാഴായത്. 2018 മാർച്ച് 10നാണ് എം.കെ. രാഘവൻ എം.പി കെട്ടിടം ഉദ്ഘാടനം ചെയ്തത്. രണ്ടു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ താഴ്ഭാഗത്തായിരുന്നു മത്സ്യ-മാംസ മാർക്കറ്റ് ഒരുക്കിയത്. 10ലേറെ കച്ചവടക്കാർക്ക് മത്സ്യം വിൽക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മാർക്കറ്റിലെ ഈ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. റോഡ് നിരപ്പിൽനിന്ന് താഴെയായി നിർമിച്ച മാർക്കറ്റിലേക്ക് എത്തിപ്പെടാൻ ആളുകൾ മടിച്ചു. മത്സ്യവും മാംസവും വാങ്ങി പോകണമെങ്കിൽ നിരവധി പടികൾ കയറിയിറങ്ങണം. മത്സ്യവും മാംസവും വാങ്ങാൻ ആളുകളെത്താതെ നഷ്ടത്തിലായതോടെ, മാർക്കറ്റ് വിളിച്ചെടുത്തവർ ഓരോന്നായി അടച്ചുപൂട്ടുകയോ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ ചെയ്തു. നിലവിൽ ഒരു കച്ചവടം മാത്രമാണ് മത്സ്യമാർക്കറ്റിൽ ശേഷിക്കുന്നത്. ഇയാൾതന്നെ മാർക്കറ്റിനു പുറത്ത് റോഡിനോട് ചേർന്ന് ട്രേയിട്ടാണ് കച്ചവടം ചെയ്യുന്നത്. മാർക്കറ്റിൽ ശേഷിച്ച ചിക്കൻ കടക്കാരന് മുകൾനിലയിലെ കടമുറിയിലേക്ക് മാറ്റി നൽകുകയായിരുന്നു. മാർക്കറ്റിലല്ലാതെ മുകൾനിലയിൽ മുറി അനുവദിച്ചതിനെതിരെ, നേരത്തേ ഇവിടെയുണ്ടായിരുന്ന മറ്റൊരു കച്ചവടക്കാരൻ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ചിക്കൻ സ്റ്റാളിനുപുറമെ മുകൾനിലയിൽ ഒരു സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നതു മാത്രമാണ് കെട്ടിടത്തിലുള്ളത്. മത്സ്യ സ്റ്റാളിനുപുറമെ 10ലധികം കടമുറികളാണ് അടഞ്ഞുകിടക്കുന്നത്. ഗ്രാമ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 78 ലക്ഷവും എം.കെ. രാഘവൻ എം.പിയുടെ 15 ലക്ഷവും ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. കൂളിമാട്​ റോഡിൽ നേരത്തേയുണ്ടായിരുന്ന മാർക്കറ്റ്​ കെട്ടിടം പൊളിച്ചുനീക്കിയായിരുന്നു നിർമാണം. ഉദ്ഘാടന സമയത്തുതന്നെ ആസൂത്രണമില്ലായ്മ വിവാദമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്​ അനുവദിച്ച ആറു​ ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ബയോഗ്യാസ് പ്ലാൻറ്​ അടക്കമുള്ള മാലിന്യസംസ്കരണ സംവിധാനവും തുടക്കത്തിലേ പാളിയതിനാൽ മൂക്കുപൊത്തിയേ മാർക്കറ്റിലെത്താനാകുമായിരുന്നുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.