ഫയർ ഫോഴ്സിലേക്ക് കൂടുതൽ വനിത ഹോം ഗാർഡുകൾ

കോഴിക്കോട്: പുതുതായി നാല് വനിതകൾകൂടി ഹോം ഗാർഡിന്‍റെ ഭാഗമായി. വനിത ഹോം ഗാർഡുമാർക്കുള്ള രണ്ടാംഘട്ട സെലക്ഷനിലാണ് സി.ആർ.പി.എഫിൽനിന്ന് വിരമിച്ച ടി.എം. നിഷ, പി.പി. അജിത, കെ.പി. റീജ, എസ്.എസ്. സ്വാതി എന്നിവർ യോഗ്യത നേടിയത്. തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂളിലാണ് സെലക്ഷൻ നടന്നത്. തിരഞ്ഞെടുത്തവർക്ക് 780 രൂപ പ്രതിദിന വേതനം നൽകും. ജില്ലയിൽ 400 ഹോം ഗാർഡുമാരുടെ തസ്തികയാണ് നിലവിലുള്ളത്. 30 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തെങ്കിലും അഞ്ചു പേർ മാത്രമാണ് അപേക്ഷിച്ചത്. ആദ്യത്തെ ആൾ കഴിഞ്ഞ വർഷം മുക്കം സ്റ്റേഷനിൽ നിയമിതയായി. ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മൻ ചെയർമാനും ജില്ല ഫയർ ഓഫിസർ മൂസ വടക്കേതിൽ കൺവീനറും ജില്ല സൈനിക ക്ഷേമ ഓഫിസർ ജോഷി ജോസഫ് അംഗവുമായ സെലക്ഷൻ ബോർഡാണ് കായിക ക്ഷമത പരിശോധന പൂർത്തിയാക്കിയത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് അടുത്ത മാസം വിയ്യൂർ ഫയർഫോഴ്സ് അക്കാദമിയിൽ പരിശീലനം നൽകിയ ശേഷം വിവിധ ഫയർ സ്റ്റേഷനുകളിൽ സേവനത്തിനായി അയക്കും. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ റോബി വർഗീസ്, പി. സതീഷ്, പി.കെ. ബഷീർ, പ്രേംനാഥ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.