പറമ്പിൽ ബസാർ (കോഴിക്കോട്): മോഡലും നടിയുമായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ കോടതി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാന (21) പറമ്പിൽ ബസാറിനടുത്ത് വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് കക്കോടി മക്കട അയ്യപ്പൻകണ്ടി സജാദിനെ (32) കോഴിക്കോട് ജെ.സി.എം-ഒന്ന് കോടതി ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ റിമാൻഡ് ചെയ്തത്. കസ്റ്റഡിയിലായിരുന്ന സജാദിന്റെ അറസ്റ്റ് വെള്ളിയാഴ്ച രാത്രിയോടെ ചേവായൂർ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യ പ്രേരണയടക്കമുള്ള വകുപ്പുകൾ ചേർത്തിയാണ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ സജാദിന്റെയും ഷഹാനയുടെ ബന്ധുക്കളുടെയും പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടർമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് 498 എ വകുപ്പുപ്രകാരം സ്ത്രീപീഡന കുറ്റവും 306 വകുപ്പുപ്രകാരം പ്രേരണക്കുറ്റവും ചുമത്തി കേസെടുത്തത്. തൂങ്ങിയാണ് മരണമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ സജാദിനെ സംഭവം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പൊലീസ് ബന്തവസ്സിലായിരുന്ന വീട് തുറന്ന് മുറിയും തൂങ്ങിയ കയറും പരിശോധിച്ചു. തിങ്കളാഴ്ച ഫോറൻസിക് വിഭാഗം വീട്ടിൽ എത്തി കൂടുതൽ പരിശോധന നടത്തും. സജാദ് മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വീട്ടിൽനിന്ന് ലഹരിവസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അസി. കമീഷണർ കെ. സുദർശൻ പറഞ്ഞു. ഷഹാനയുടെ കൈക്ക് ചെറിയ പരിക്കും കഴുത്തിൽ തൂങ്ങിയ പാടും കാൽമുട്ടിൽ പാടും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചിട്ടുണ്ട്. അവയവങ്ങളുടെ രാസപരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 12ഓടെയായിരുന്നു ഷഹാന തൂങ്ങിയ വിവരം സമീപവാസികൾ അറിയുന്നത്. സംഭവത്തിന് അൽപം മുമ്പ് മുറിയിൽ ബഹളം കേട്ടിരുന്നതായി വീട്ടുടമയുടെ മകൻ ജാസർ മൊഴിനൽകിയിരുന്നു. സജാദ് വിളിച്ചതനുസരിച്ച് മുറിക്കരികിൽ എത്തിയപ്പോൾ സജാദ് ഷഹാനയെ മടിയിലിരുത്തിയതായാണ് കണ്ടതത്രെ. ഉടൻതന്നെ ജാസർ പൊലീസിൽ വിവരമറിയിച്ചു. ഇടക്കിടക്ക് വീട്ടിൽനിന്ന് കലഹശബ്ദം കേൾക്കാറുണ്ടായിരുന്നുവെന്നും വീടൊഴിയാൻ പറഞ്ഞിരുന്നതായും ഉടമ മൊഴി നൽകിയിട്ടുണ്ട്. ഷഹാനയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മാതാവ് ഉമൈബയും ബന്ധുക്കളും ആരോപിച്ചിരുന്നു. പണത്തെച്ചൊല്ലി ഇരുവരും നിരന്തരം തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സജാദ് വീട്ടിൽ വൈകി എത്തിയ തർക്കമാണ് ഷഹാനയുടെ മരണത്തിൽ കലാശിച്ചതത്രെ. ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജു, എസ്.ഐമാരായ ജയിംസ്, ഷബീം എന്നിവർ അസി. കമീഷണർക്കൊപ്പം തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.