കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടു യന്ത്രങ്ങൾ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുതുടങ്ങി. യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂർ സത്രം വെയർ ഹൗസിൽനിന്ന് ബ്ലോക്ക്, മുനിസിപ്പൽ റിട്ടേണിങ് ഓഫിസർമാർ കൈപ്പറ്റി.
ഏറ്റുമാനൂർ, ചങ്ങനാശ്ശേരി നഗരസഭകൾ, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള യന്ത്രങ്ങളാണ് ശനിയാഴ്ച നൽകിയത്. ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ചേതൻകുമാർ മീണ സത്രം വെയർ ഹൗസ് സന്ദർശിച്ചു. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ - സ്വീകരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലെത്തിക്കുന്ന വോട്ടു യന്ത്രങ്ങൾ തെരഞ്ഞെടുപ്പിന്റെ തലേന്ന് പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറും.
ഞായറാഴ്ച ഏറ്റുമാനൂർ, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകൾ, കോട്ടയം, ഈരാറ്റുപേട്ട നഗരസഭകൾ, ഡിസംബർ ഒന്നിന് പാലാ, വൈക്കം നഗരസഭകൾ, വാഴൂർ, മാടപ്പള്ളി, ഉഴവൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകൾ എന്നിവിടങ്ങളിലേക്കുള്ള യന്ത്രങ്ങൾ കൈമാറും. ഡിസംബർ ഒന്നോടെ പൂർത്തിയാകും. ഇ.വി.എം നോഡൽ ഓഫിസർ എം. അരുൺ, തദ്ദേശ വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.കെ. സുനിൽ കുമാർ, ഉദ്യോഗസ്ഥരായ ജിതിൻ സി. മാത്യു, അജിത് മാത്യു, അരവിന്ദ് സുധീശൻ, വെയർ ഹൗസ് കീപ്പർ പി.ഐ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.