കോവിഡ് നിയന്ത്രണം ലംഘിച്ച് രാത്രി മത്സ്യവ്യാപാരം; തൊടുപുഴയിൽ അഞ്ച് ലോറി പിടിച്ചെടുത്തു

തൊടുപുഴ: കോവിഡ് 19 നിയന്ത്രണം ലംഘിച്ച് മത്സ്യവുമായെത്തി മൊത്ത വ്യാപാരം നടത്തുന്നതിനിടെ അഞ്ച് ട്രക്ക്​ പൊലീസ്​ പിടിച്ചെടുത്തു. മൂന്ന് വാഹനം ഗോഡൗണുകളില്‍നിന്നും രണ്ടെണ്ണം റോഡില്‍ നിന്നുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. ബുധനാഴ്​ച രാത്രി 10നാണ്​ സംഭവം. പിടിച്ചെടുത്തതില്‍ 13 പെട്ടി മത്സ്യം അഴുകിയതാണെന്ന് ജില്ല ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി തൊടുപുഴ നഗരസഭ അതിര്‍ത്തിക്കുള്ളില്‍ ഈമാസം 20വരെ വഴിയോരക്കച്ചവടവും മത്സ്യവ്യാപാരവും പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഇത്തരം നിയന്ത്രണം നിലനില്‍ക്കെയാണ്​ ബുധനാഴ്​ച രാത്രി വെങ്ങല്ലൂരിലെ സ്വകാര്യ മത്സ്യവ്യാപാര ഗോഡൗണിലും വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്​ഷനു സമീപത്തെ പോക്കറ്റ് റോഡിലും ശീതീകരിച്ച ട്രക്കുകളില്‍ ടണ്‍ കണക്കിന് മത്സ്യമെത്തിച്ചത്​. ഇത് വാങ്ങാൻ നൂറിലധികം ചെറുകിട കച്ചവടക്കാര്‍ ഓട്ടോ, മിനിലോറി, പിക്അപ് വാന്‍, ഇരുചക്രവാഹനം എന്നിവയിലായി ട്രക്കുകള്‍ക്ക് സമീപത്ത് കൂടി. ഇതോടെ തൊടുപുഴ-മൂവാറ്റുപുഴ റോഡിലും പോക്കറ്റ് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്ത് വലിയ ആള്‍ക്കൂട്ടവും ബഹളവുമായി. തുടർന്ന്​ എസ്.ഐ രാധാകൃഷ്ണ​െൻറ നേതൃത്വത്തിലെ പൊലീസെത്തി മത്സ്യവ്യാപാരം നിര്‍ത്തിവെക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍, ട്രക്കുകള്‍ കസ്​റ്റഡിയിലെടുക്കാന്‍ വ്യാപാരികള്‍ സമ്മതിക്കാതെ പൊലീസിനെ തടഞ്ഞു. എസ്.ഐ ബൈജു പി. ബാബുവി​െൻറ നേതൃത്വത്തില്‍ മുട്ടം, കരിങ്കുന്നം സ്​റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ്​ വാഹനങ്ങള്‍ സ്​റ്റേഷൻ വളപ്പിലേക്ക്​ മാറ്റിയത്.

സംഭവത്തില്‍ മത്സ്യം എത്തിച്ച നീരാളി ഫിഷറീസ്, കെ.എന്‍.എസ് ഫിഷറീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെയും നടത്തിപ്പുകാരായ കാപ്പ് കാക്കടവില്‍ കൃഷ്ണകുമാര്‍, വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ നിഷാദ്, നിസാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. കേരള പകര്‍ച്ചവ്യാധിരോഗ ഓര്‍ഡിനന്‍സ്, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്​. ഇതിന് പുറമെ കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ഓരോ വാഹനങ്ങള്‍ക്കും 5000 രൂപ വീതം പിഴയിട്ടു.വ്യാഴാഴ്​ച ഉച്ചയോടെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ആർ. ഐശ്വര്യ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ്​ അധികൃതര്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. ഒരു ട്രക്കിലെ മത്സ്യം അഴുകിയതായി കണ്ടെത്തി. ഇത് നശിപ്പിക്കുന്നതിന് തൊടുപുഴ നഗരസഭക്ക് കൈമാറി. അഴുകിയ മത്സ്യം എത്തിച്ചതിന് ഭക്ഷ്യസുരക്ഷ വകുപ്പും കേസെടുത്ത് പിഴയീടാക്കി. തമിഴ്‌നാട് കുളച്ചില്‍ എന്ന സ്ഥലത്ത് നിന്നുമാണ് മത്സ്യം എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് മങ്ങാട്ടുകവലക്കു സമീപം രാത്രിയില്‍ എത്തിയ മീന്‍ കയറ്റിയ ട്രക്ക് തൊടുപുഴ പൊലീസ്​ കസ്​റ്റഡിയിലെടുത്ത് കേസെടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.