കോട്ടയം: കേന്ദ്ര സർക്കാറിന്റെ ഉല്ലാസ് ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നടത്തിയ ‘മികവുത്സവ’ത്തിൽ ജില്ലയിൽനിന്ന് പങ്കെടുത്തത് 1500 പഠിതാക്കൾ. ഇതിൽ 1200 പേർ സ്ത്രീകളും 300 പുരുഷന്മാരുമാണ്.
അന്നുതന്നെ നടത്തിയ മൂല്യനിർണയത്തിൽ എഴുതിയ പഠിതാക്കളെല്ലാം സമ്പൂർണവിജയം നേടി. നൂറിനടുത്ത് മാർക്ക് നേടിയ മിടുക്കന്മാരും മിടുക്കികളുമുണ്ട് ഇക്കൂട്ടത്തിൽ. 84കാരിയായ പൂഞ്ഞാർ സ്വദേശിനി മറിയക്കുട്ടിയാണ് ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവ്.
തൃക്കൊടിത്താനം പഞ്ചായത്തിലാണ് കൂടുതൽ ആളുകൾ പങ്കെടുത്തത്. വിവിധ പഞ്ചായത്തുകളിലെ അംഗൻവാടികൾ, സ്കൂളുകൾ, വീടുകൾ, സാംസ്കാരിക നിലയങ്ങൾ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സാക്ഷരത പ്രേരക്മാർ, വളന്റിറി അധ്യാപകർ എന്നിവരാണ് മികവുത്സവം ഏകോപിപ്പിച്ചത്. പത്താം ക്ലാസ് പാസായ ആർക്കും വളന്ററി അധ്യാപകരാകാൻ സാധിക്കും.
കൂടാതെ സർവകലാശാലയുടെ കീഴിലുള്ള വിദ്യാർഥികൾക്കും വളന്റിറി അധ്യാപകരെന്ന സന്നദ്ധപ്രവർത്തകരാകാമെന്നും യു.ജി.സി ചട്ടത്തിൽ നിർദേശമുണ്ട്.
മലയാളം, ഗണിതം ഉൾപ്പെടെ ദിനചര്യയുമായി ബന്ധപ്പെടുത്തിയ ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരുന്നത്. ആധാർ മുഖേനയാണ് പഠിതാക്കളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. രജിസ്ട്രേഷൻ, പാഠ്യവസ്തുക്കളുടെ വിതരണം തുടങ്ങിയ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാറിന്റെ പി.എഫ്.എം.എസ് പോർട്ടൽ വഴി ജില്ലയിൽ അനുവദിച്ചത് 1.27 ലക്ഷം രൂപയോളമാണ്.
സാഹചര്യംമൂലം പഠനം മുടങ്ങിയവർ, അടിസ്ഥാന വിദ്യാഭ്യാസം നേടാൻ സാധിക്കാത്തവർ തുടങ്ങിയവരെ സ്വന്തമായി പേരെഴുതാനുള്ള പ്രാപ്തിയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നതാണ് മികവുത്സവം പദ്ധതിയുടെ ലക്ഷ്യം.
സാധാരണ പരീക്ഷകളിൽനിന്ന് വ്യത്യസ്തതയുണ്ട് മികവുത്സവത്തിന്. ചോദ്യപേപ്പറിൽ ഇഷ്ടമുള്ള പാട്ട് പാടാനും പരീക്ഷ അനുഭവത്തെക്കുറിച്ചും ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പരീക്ഷാപ്പേടി ഒഴിവാക്കാനാണ് പരീക്ഷ എന്ന വാക്ക് ഒഴിവാക്കി ‘മികവുത്സവം’ പേരിൽ പദ്ധതി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.