തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ ബോധവത്കരണ വിഭാഗമായ ലീപ് കേരള കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ കലക്ടർ ചേതൻകുമാർ മീണ സംസാരിക്കുന്നു
കോട്ടയം: ‘ഠമാർ പഠാർ- റിപ്പോർട്ടർമാർക്കൊപ്പം’ ചോദ്യോത്തര വേളയിൽ ഉയർന്ന രസകരമായ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മാധ്യമപ്രവർത്തകരും വിദ്യാർഥികളും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയിൽ ഉയർന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്തെ വ്യത്യസ്ത സംഭവങ്ങളെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെയും ആസ്പദമാക്കിയ ചോദ്യങ്ങളായിരുന്നു. പഞ്ചായത്ത് ഭരണം പശ്ചാത്തലമാകുന്ന മലയാളത്തിലെ ക്ലാസിക് സിനിമ പഞ്ചവടിപ്പാലം മുതൽ തെരഞ്ഞെടുപ്പിൽ പൊരുതി ജയിച്ച സ്ഥാനാർഥികളുടെ അവിസ്മരണീയമായ വാചകങ്ങൾ വരെ ചോദ്യങ്ങൾക്കു വിഷയങ്ങളായി.
എസ്.ഐ.ആറിന്റെ പൂർണരൂപം മുതൽ ജില്ലയിൽ തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിത ചട്ടം സംബന്ധിച്ച ചോദ്യങ്ങളും കൗതുകമുണർത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായ വോട്ടർ ബോധവത്ക്കരണ വിഭാഗമായ ലീപ് കോട്ടയമാണ് പരിപാടി സംഘടിപ്പിച്ചത്.
കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, സ്വീപ്പ് നോഡൽ ഓഫീസർ പി.എ. അമാനത്ത്, ലീപ് ജില്ലാ അസിസ്റ്റന്റ് കോഓഡിനേറ്റർ ഷറഫ് പി. ഹംസ, തെരഞ്ഞെടുപ്പ് ജില്ലാതല പരിശീലകൻ സുനിൽകുമാർ, തെരഞ്ഞെടുപ്പ് ലിറ്ററസി ക്ലബ് ജില്ലാ മാസ്റ്റർ ട്രെയിനർ കെ.സത്യൻ, ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ എന്നിവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.