കോട്ടയം: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 138 കോടി രൂപ. 5.07 ലക്ഷം അക്കൗണ്ടുകളിലായാണ് ഇത്രയും തുക ഉടമകളില്ലാതെ ശേഷിക്കുന്നത്. നിക്ഷേപകരുടെ മരണം, വിദേശ വാസം തുടങ്ങിയ കാരണങ്ങളാല്‍ 10 വർഷത്തിലേറെയായി ഇടപാടുകൾ നിലച്ച അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടുകളായി കണക്കാക്കുക. ഇത്തരം അക്കൗണ്ടുകൾ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.
രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്നത്. പലരുടെയും അനന്തരാവകാശികൾക്കുപോലും ഈ അക്കൗണ്ടുകളെക്കുറിച്ച് അറിവുണ്ടാകില്ല. ഈ നിക്ഷേപങ്ങള്‍ അക്കൗണ്ട് ഉടമകൾക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി രാജ്യവ്യാപകമായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ പ്രത്യേക ക്യാമ്പുകൾ നടക്കുന്നുണ്ട്. അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. എന്നിട്ടും നടപടിയാകാത്ത അക്കൗണ്ടുകളിലെ പണം നല്‍കുന്നതിനാണ് ക്യാമ്പ്.
നവംബർ മൂന്നിന് രാവിലെ 10.30ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ ഹാളിൽ ജില്ല തല ക്യാമ്പ് നടക്കും. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ എല്ല ബാങ്കുകളുടെയും സഹകരണത്തോടെ നടക്കുന്ന ക്യാമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിക്കും.
ഉടമകളില്ലാത്ത അക്കൗണ്ടുകളിലെ നിക്ഷേപങ്ങളെക്കുറിച്ച വിവരങ്ങള്‍ ക്യാമ്പിൽനിന്ന് അറിയാനാകുമെന്ന് ലീഡ് ബാങ്ക് ജില്ല മാനേജർ രാജു ഫിലിപ്പ് പറഞ്ഞു. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. അവകാശികളാണെന്ന് ബോധ്യമായാല്‍ തുക തിരികെ ലഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാമ്പിൽനിന്ന് ലഭിക്കും. തുടര്‍ നടപടികള്‍ക്കായി എല്ലാ ബാങ്കിലും സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും രാജു ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.