മുട്ടം: വാഗമണ്ണിൽ വ്യാജപട്ടയം നിർമിച്ച് ഭൂമി മുറിച്ചുവിറ്റ കേസിലെ പ്രതിയെ വിജിലൻസ് പിടികൂടി. വാഗമൺ സ്വദേശി ജോളി സ്റ്റീഫനെയാണ് തൊടുപുഴ വിജിലൻസ് സംഘം ബംഗളൂരുവിൽനിന്ന് പിടികൂടിയത്. ജോളിയുടെ മുൻ ഭാര്യ അവകാശവാദമുന്നയിക്കുന്ന മൂന്ന് ഏക്കർ 40 സെന്റ് സ്ഥലം വ്യാജ പട്ടയമുണ്ടാക്കി മറിച്ചുവിറ്റ കേസിലാണ് അറസ്റ്റ്. 55 ഏക്കർ സർക്കാർ ഭൂമി വ്യാജപട്ടയം നിർമിച്ച് വിൽപന നടത്തിയ കേസിലും ഇയാൾ പ്രതിയാണ്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരടക്കം പ്രതിക്കൂട്ടിലായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ജോളി സ്റ്റീഫന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ 110 ഏക്കർ സ്ഥലം വാഗമണ്ണിലുണ്ടായിരുന്നെന്നും ഇതിൽ പട്ടയമില്ലാത്ത 55 ഏക്കർ ഭൂമി വ്യാജ പട്ടയമുണ്ടാക്കി മറിച്ചുവിറ്റ് പണം കൈവശപ്പെടുത്തിയെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം. തന്റെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്ത് വ്യജരേഖ ചമച്ച് കൈവശപ്പെടുത്തിയെന്നുകാട്ടി 2019ൽ ജോളിയുടെ മുൻ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ജോളി സ്റ്റീഫൻ, പിതാവ് കെ.ജെ. സ്റ്റീഫനും ചേർന്ന് തട്ടിപ്പ് നടത്തിയതായി മൂന്നുമാസംമുമ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, കൈയേറ്റം ബോധ്യപ്പെട്ടു.
വ്യാജമായി ഉണ്ടാക്കിയ 12 പട്ടയം റദ്ദാക്കാനും സർക്കാർഭൂമി തിരിച്ചുപിടിക്കാനും കലക്ടർ ഉത്തരവിട്ടു. ഒരുമാസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് നൽകാൻ വാഗമൺ വില്ലേജ് ഓഫിസർക്ക് നിർദേശവും നൽകി. ഡെപ്യൂട്ടി കലക്ടർ (എൽ.എ) നടത്തിയ പരിശോധനയിലാണ് പട്ടയങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞത്. 12 പട്ടയങ്ങളിൽ പറയുന്ന ഭൂവുടമകളിൽ ഒരാൾപോലും യഥാർഥത്തിൽ ഉള്ളതല്ലെന്ന് കണ്ടെത്തി. കൈയേറിയ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചുവിറ്റെന്നും തട്ടിപ്പിൽ റവന്യൂ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എൽ.എ 72/89, 73/89, 75/89, 84/89, 36/92, 493/92, 494/92, 504/92, 535/92, 537/92, 538/92 എന്നീ പട്ടയങ്ങളാണ് കേരള ഭൂമിപതിവ് ചട്ടം 1964 പ്രകാരം റദ്ദാക്കാൻ ഉത്തരവിട്ടത്.
ഇത്തരത്തിൽ രേഖകളുണ്ടാക്കി മുറിച്ചുവിറ്റ സ്ഥലങ്ങളിൽ റിസോർട്ടുകളും കെട്ടിടങ്ങളും പണിതിട്ടുണ്ട്. പട്ടയങ്ങൾ റദ്ദാക്കുന്നതോടെ ഇവയും അനിശ്ചിതത്വത്തിലാകും.1985ൽ വാഗമണ്ണിൽ 54 ഏക്കർ സ്ഥലം വാങ്ങിയതിന് പിന്നാലെ സമീപത്ത് കിടന്ന 55 ഏക്കറിലധികം വരുന്ന സർക്കാർ ഭൂമി കൈയേറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജോളിയെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.