shoulder ഡീസൽ പ്രതിസന്ധി: ജനത്തെ വലച്ച്​ കെ.എസ്​.ആർ.ടി.സി ​

17 സർവിസുകളാണ്​ വെട്ടിച്ചുരുക്കിയത് കോട്ടയം: ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിച്ചുരുക്കിയതിനാൽ വെട്ടിലായത്​ യാത്രക്കാർ. പി.എസ്​.സി എഴുതാനെത്തിയ ഉദ്യോഗാർഥികളെയും സ്ഥിരയാത്രക്കാരെയും ദീർഘദൂരയാത്രക്കാരെയും സർവിസ്​ വെട്ടിച്ചുരുക്കിയത്​ സാരമായി ബാധിച്ചു. ഒമ്പത് ഫാസ്റ്റ്​ പാസഞ്ചറും എട്ട് ഓർഡിനറി സർവിസും ഉൾപ്പെ​ടെ 17 സർവിസുകളാണ്​ ശനിയാഴ്ച വെട്ടിച്ചുരുക്കിയത്. കുമളി-എറണാകുളം റൂട്ടുകളിലേക്കുള്ള ഏതാനും ഫാസ്റ്റുകളും ചെങ്ങന്നൂർ-തിരുവല്ല എന്നിവിടങ്ങളിലേക്ക് ചെയിൻ സർവിസ് നടത്തിയിരുന്ന ചില ഓർഡിനറി ബസുകളുമാണ് ശനിയാഴ്ച ഒഴിവാക്കിയത്. ഞായറാഴ്ച കൂടുതൽ സർവിസുകൾ മുടങ്ങുമെന്നാണ് സൂചന. വെള്ളിയാഴ്ച മുടങ്ങിയത്​ ആറ് സർവിസുകളാണ്.​ കോട്ടയം ഡിപ്പോയിൽ രണ്ട്​ ടാങ്കിലായി ആകെ 16,000 ലിറ്റർ ഡീസൽ ശേഖരിക്കാം. വെള്ളി, ശനി ദിവസങ്ങളിൽ ഡീസൽ എത്തിയിട്ടില്ല. മറ്റു ഡിപ്പോകളിൽനിന്ന്​ ആവശ്യാനുസരണം ഡീസൽ നിറച്ചുവരാനാണ്​ അധികൃതർ ജീവനക്കാരോട്​ ആവശ്യപ്പെടുന്നത്​. യാത്രക്കാരുടെ എണ്ണക്കുറവും റൂട്ടിൽ വെള്ളം കയറിയതുമാണ്​ സർവിസുകൾ വെട്ടിച്ചുരുക്കാൻ കാരണമായി അധികൃതർ പറയുന്നത്​. അതേസമയം, സ്വിഫ്റ്റ് ബസുകൾക്ക് കൃത്യമായി ഡീസൽ എത്തിക്കുന്നുണ്ടെന്നും സംഘടനകൾ പറയുന്നു. ശമ്പളം നൽകണമെന്ന കോടതിവിധി അട്ടിമറിക്കാനുള്ള അധികൃതരുടെ നീക്കമാണ് സർവിസ് വെട്ടിച്ചുരുക്കലെന്നാണ്​ ജീവനക്കാരുടെ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.