കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡുകളിലൊന്നായ തോട്ടുവ- കുറുപ്പന്തറ- കല്ലറ പുത്തൻപള്ളി റോഡിന്റെ പുനർനിർമാണത്തിന് 5.8 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫിസ് അറിയിച്ചു.
കുറവിലങ്ങാട്- കുറുപ്പന്തറ റോഡിലെ 5.4 കിലോമീറ്ററും കുറുപ്പന്തറ- കളമ്പുകാട് റോഡിലെ 3.6 കിലോമീറ്ററും ഉൾപ്പെടെ ഒമ്പത് കിലോമീറ്റർ റോഡാണ് ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമിക്കുന്നത്. നവകേരള സദസ്സില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോട്ടയത്തുനിന്ന് ആലപ്പുഴ ജില്ലയിലേക്ക് നിർമാണ സാമഗ്രികൾ ഉൾപ്പെടെയുള്ളവയുമായി ഒട്ടേറെ ഭാരവണ്ടികള്‍ ദിവസവും കടന്നുപോകുന്ന റോഡാണിത്. മൂന്നാറിൽനിന്ന് ആലപ്പുഴ, കുമരകം ഭാഗങ്ങളിലേക്കുള്ള സഞ്ചാരികളും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. 15 വർഷം മുമ്പ് പൂർണമായും ടാർ ചെയ്ത റോഡിന്റെ പ്രതലത്തിൽ പിന്നീട് പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഗതാഗതം സുഗമമല്ലാത്ത സ്ഥിതിയാണിപ്പോൾ.
നേരത്തേ റോഡ് പുനർനിർമാണത്തിന് നാലു കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നെങ്കിലും മോൻസ് ജോസഫ് എം.എൽ.എയുടെ അഭ്യർഥന പ്രകാരം എസ്റ്റിമേറ്റ് പുതുക്കി 5.8 കോടി രൂപയാക്കി ഉയർത്തുകയായിരുന്നു. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങൾ ഉയർത്തിയും പൂർണമായും തകർന്ന കുറുപ്പന്തറ കടവ്, റെയിൽവേ ഗേറ്റ് ഭാഗങ്ങൾ ഇന്റർലോക്ക് ചെയ്തുമാണ് റോഡ് നിർമിക്കുക. കുറുപ്പന്തറ മുതൽ മണ്ണാറപ്പാറ പള്ളി വരെയുള്ള ഭാഗത്ത് ഇരുവശത്തും ഓടകൾ നിർമിച്ച് സ്ലാബിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.