കരുതൽപെട്ടിയുടെ ഉദ്ഘാടനം എസ്.എച്ച്.ഒ ത്രിദീപ് ചന്ദ്രൻ നിർവഹിക്കുന്നു
മുണ്ടക്കയം: പഠനവഴിയിൽ പ്രതിസന്ധി നേരിടുന്ന നിർധനരായ വിദ്യാർഥികൾക്ക് തണലൊരുക്കാൻ വേറിട്ട പദ്ധതിയുമായി പെരുവന്താനം പൊലീസ്. സ്റ്റേഷൻ പടിക്കൽ സ്ഥാപിച്ച കരുതൽപെട്ടിയിലൂടെ നാടിന്റെ നന്മ ഒന്നിച്ച് അർഹരായ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഈ കാക്കിപ്പട.
പെരുവന്താനം പൊലീസ് സ്റ്റേഷന്റെ പടിക്കെട്ടുകൾ കയറുമ്പോൾ തന്നെ ആരുടെയും ശ്രദ്ധയിൽ പെടുന്നത് ‘കരുതൽ’ എന്ന് വലിയ അക്ഷരത്തിൽ എഴുതിയ നീളമുള്ള ഒരു പെട്ടിയാണ്. പെട്ടിയിലെ എഴുത്ത് വായിക്കുന്നതോടെ പലരും സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോയി പുസ്തകങ്ങളും പേനകളും അടക്കമുള്ള പഠനോപകരണങ്ങൾ വാങ്ങി ഇതിൽ നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ ശേഖരിക്കുന്ന പഠനോപകരണങ്ങൾ സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പൊലീസ് നേരിട്ട് എത്തിച്ചുനൽകും. അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസുകാരെ ചുമതലപ്പെടുത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ത്രിദീപ് ചന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതിക്ക് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്നത്. കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലെ 28 വാർഡുകൾ ഉൾപ്പെടുന്നതാണ് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.