പുലിയന്നൂർക്കാട് ക്ഷേത്രം റോഡ്: നാട്ടുകാർ ക്ഷേത്രത്തിന് ഇഷ്ടദാനം നൽകിയതെന്ന് ഭാരവാഹികൾ


എലിക്കുളം: പുലിയന്നൂർക്കാട് ധർമശാസ്ത ക്ഷേത്രം വക ഭൂമിയിലാണ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുള്ളുവേലി കെട്ടിത്തിരിച്ചതെന്നും ഭക്തർ അയ്യപ്പന് ഇഷ്ടദാനം നൽകിയ ഭൂമിയാണിതെന്നും ക്ഷേത്രോപദേശക സമിതി. ഭൂമി തിരികെക്കിട്ടാൻ നിയമപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പുലിയന്നൂർക്കാട് ക്ഷേത്രത്തിലേക്ക് പാലാ-പൊൻകുന്നം റോഡിൽനിന്നുള്ള റോഡിന്‍റെ ആരംഭ ഭാഗത്ത് റോഡ് നിർമിച്ചതിനുശേഷം ബാക്കിയുണ്ടായിരുന്ന രണ്ടര സെന്‍റ് ഭൂമിയാണ് അതിരിൽ വസ്തുവുള്ള പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുള്ളുവേലി കെട്ടി സ്വന്തമെന്ന് അവകാശപ്പെടുന്നതെന്ന് ഉപദേശകസമിതി അറിയിച്ചു. ദേവസ്വംബോർഡ് ഈ ഭൂമിയിലെ രണ്ട് തേക്ക് അടുത്തിടെ ലേലംചെയ്ത് മുറിച്ചപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് നടപടി. തേക്ക് കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. ഈ ഭൂമിയിലെ തേക്കുകളും തെങ്ങുകളും മുൻകാലത്ത് ദേവസ്വംബോർഡ് ലേലം ചെയ്തിട്ടുണ്ട്.

40വർഷം മുമ്പ് ലേലം ചെയ്ത തേക്കുകളിലൊന്നിന്‍റെ കുറ്റിയിൽ കിളിർത്തുവളർന്നതാണ് ഇപ്പോൾ വെട്ടിയിട്ട മരങ്ങളിലൊന്ന്. അക്കാലത്ത് ആക്ഷേപങ്ങളില്ലാതിരുന്ന ഭൂമിയെക്കുറിച്ച് ഇപ്പോൾ വിവാദമുണ്ടായത് രാഷ്ട്രീയപ്രേരിതമാണെന്ന് ഉപദേശകസമിതി ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരുവിതാംകൂർ ആരംഭകാലത്ത് ദേവസ്വം ബോർഡിന് കൈമാറിയ ക്ഷേത്രമാണ് പുലിയന്നൂർക്കാട് ധർമശാസ്ത ക്ഷേത്രം. അക്കാലത്ത് ഇടവഴി മാത്രമായിരുന്നു ക്ഷേത്രത്തിലേക്കെത്താനുള്ള വഴി.

ഇവിടെ ഭൂമിയുള്ള വ്യക്തികൾ ദാനംചെയ്താണ് 500 മീറ്ററോളം ദൂരത്തിൽ എട്ടുമീറ്റർ വീതിയിൽ റോഡ് നിർമിച്ചതെന്നും ഉപദേശകസമിതി പ്രസിഡന്‍റ് അശോക് കുമാർ പുലിയന്നൂർക്കാട്ടിൽ, സെക്രട്ടറി സാജു അരീപ്പറമ്പിൽ എന്നിവർ അറിയിച്ചു.

Tags:    
News Summary - Puliyannurkadu Temple Road: The office bearers said that the locals donated to the temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.