കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്ന് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത മുൻ ക്ലാർക്ക് അഖിൽ സി. വർഗീസ് ഉടൻ പിടിയിലാകുമെന്ന് സൂചന. ഇയാൾ കേരളത്തിൽ തന്നെയുണ്ടെന്ന നിലയിലുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. ഇയാൾക്കായി വലവിരിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരള- തമിഴ്നാട് അതിർത്തിയിലാണ് പ്രതിയുള്ളതെന്നാണ് വിവരം. നിലവിൽ കേരളത്തിലുള്ള പ്രതി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.
തട്ടിപ്പിന് ശേഷം പ്രതി കേരളം വിട്ടിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. കൊടൈക്കനാൽ, മൈസൂരു, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ച ശേഷമാണ് അഖിൽ ഇപ്പോൾ കേരളത്തിൽ എത്തിയതതെന്നാണ് വിവരം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള പഴുതുകൾ അടച്ച് വിജിലൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് അഖിൽ ഒളിവിൽ പോയതും.
നഗരസഭയിൽ ജീവനക്കാരനായിരിക്കെ പെൻഷൻഫണ്ടിൽ നിന്ന് മാതാവിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെ കാലയളവിൽ രണ്ടരക്കോടി അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് അഖിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. കോട്ടയം വെസ്റ്റ് പൊലീസ് 2024 ആഗസ്റ്റ് എട്ടിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്.
അതിന് ശേഷമാണ് വിജിലൻസ് അന്വേഷണം ഏറ്റെടുത്തത്. സംഭവത്തിൽ നഗരസഭ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ നാലുപേരെ സസ്പെന്ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.