കോട്ടയം: മിമിക്രിതാരമായിരുന്ന ചങ്ങനാശ്ശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു. ലെനീഷിന്‍റെ കാമുകിയും എസ്.എച്ച് മൗണ്ടിന് സമീപം നവീൻ ഹോം നഴ്‌സിങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (37), ദൈവംപടി ഗോപാലശ്ശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം-40), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ- 37) എന്നിവരെയാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി. സുജയമ്മ ശിക്ഷിച്ചത്. അഞ്ചാം പ്രതിയും ഓട്ടോ ഡ്രൈവറുമായ കൊച്ചുതോപ്പ് പാറാംതട്ടിൽ മനുമോനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പിഴയായി ശ്രീകല 80,000 രൂപയും മറ്റ് പ്രതികൾ 55,000 രൂപയും നൽകണം. പിഴത്തുകയിൽ ഒരു ലക്ഷം രൂപ ലെനീഷിന്റെ അച്ഛൻ ലത്തീഫിന് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്.
കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് ജീവപര്യന്തം തടവിന് പുറമേ ശ്രീകല 50,000 രൂപ പിഴ നൽകണം. മറ്റ് പ്രതികൾക്ക് ഈ വകുപ്പുകളിൽ 25,000 രൂപ വീതമാണ് പിഴ. തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും 25,000 രൂപ വീതം പിഴയും. പിഴത്തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 114ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും അയ്യായിരം രൂപ വീതം പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2013 നവംബർ 23നാണ് പാമ്പാടി കുന്നേൽപ്പാലത്തിന് സമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ലെനീഷാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ലെനീഷിന്‍റെ കാമുകിയും ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകലയിലേക്ക് അന്വേഷണം എത്തുകയായിരുന്നു. പ്രണയ ബന്ധത്തിൽ നിന്നും ലെനീഷ് പിന്മാറിയതിനെ തുടർന്ന് ശ്രീകല ക്വട്ടേഷൻ സംഘത്തിന്‍റെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ലെനീഷ് മറ്റ് ചില സ്ത്രീകളുമായി പരിചയം സ്ഥാപിക്കാൻ ശ്രമിച്ചെന്ന സംശയവും ഇവരെ പ്രകോപിപ്പിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു.
സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ലെനീഷിനെ എസ്.എച്ച് മൗണ്ടിലെ ശ്രീകലയുടെ ഓഫിസിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. മരണം ഉറപ്പു വരുത്തിയശേഷം മനുമോന്‍റെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് മൃതദേഹം റോഡരികിൽ തള്ളിയത്. ചാക്കിൽ വെയ്സ്റ്റാണെന്ന് പറഞ്ഞെന്നായിരുന്നു ഇത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
നിർണായകമായത് പഴുതടച്ച അന്വേഷണം
കോട്ടയം: ലെനീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ലഭിച്ചതോടെ, അഭിമാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ. പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷൻ മികവുമാണ് മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കാൻ ഇടയാക്കിയത്. വിധി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ പാമ്പാടി സി.ഐയും ഇപ്പോൾ എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയുമായ സാജു വർഗീസും പാമ്പാടിയിലെ അന്നത്തെ എസ്.ഐയും ഇപ്പോൾ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ യു. ശ്രീജിത്തും എത്തിയിരുന്നു. സംഭവം നടക്കുമ്പോൾ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയായിരുന്ന എസ്. സുരേഷ് കുമാറാണ് കേസന്വേഷിച്ചത്. നിലവിൽ അദ്ദേഹം കോട്ടയം അഡീഷനൽ എസ്.പിയാണ്. കേസിലെ അഞ്ചാം പ്രതിയായിരുന്ന കൊച്ചുതോപ്പ് പാറാംതോട്ടത്തിൽ മനുമോനെ (24) പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കിയതും കേസിൽ നിർണായകമായി.
കൊലപാതകം നടത്തിയ ശേഷം പ്രതികൾ മനുമോന്‍റെ ഓട്ടോറിക്ഷയിലാണ് മൃതദേഹം പാമ്പാടിക്ക് സമീപം റോഡരികിൽ ഉപേക്ഷിച്ചത്. ലെനീഷും പ്രതികളും തമ്മിലെ ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. ഒന്നാം പ്രതി ശ്രീകല കൊല്ലപ്പെട്ട ലെനീഷിനെ ഫോണിൽ ബന്ധപ്പെട്ടതിനും പ്രതികൾ തമ്മിൽ നിരന്തരം ഫോൺ വിളിച്ചതിന്‍റെ രേഖകളും കോടതിയിലെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പ്രതികളായ ശ്രീകലയുടെയും ഷിജോയുടെയും രക്തം ലഭിച്ചിരുന്നു. ഇത് പ്രതികളുടേതാണെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷനുവേണ്ടി ഗിരിജ ബിജുവാണ് കോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.