കോട്ടയം: വന്ദേഭാരതിന് വേണ്ടി പാലരുവിയുടെ സമയം തുടർച്ചയായി മാറ്റുന്നത് യാത്രക്ലേശം വർധിപ്പിച്ചെന്ന പരാതിയുമായി യാത്രക്കാരുടെ സംഘടനകൾ. വന്ദേഭാരത് സർവിസ് തുടങ്ങുന്നതിന് മുമ്പ് പുലർച്ചെ അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ടിരുന്ന പാലരുവി ഇപ്പോൾ 4.35നാണ് പുറപ്പെടുന്നത്. വന്ദേഭാരതിന് മുൻഗണന നൽകാൻ വേണ്ടിയാണ് സമയം പടിപടിയായി പിന്നോട്ടാക്കിയത്. സാധാരണക്കാരന്റെ സമയത്തിന് റെയിൽവേ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ല പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു.
പാലരുവി കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സമയം നേരത്തെയാക്കിയപ്പോൾ തൊട്ടുപിന്നിലായി ആലപ്പുഴ വഴി സർവിസ് നടത്തുന്ന ഏറനാട് എക്സ്പ്രസ് 40 മിനിറ്റോളം വൈകിയാണ് ഇപ്പോൾ രാവിലെ കായംകുളമെത്തുന്നത്. അശാസ്ത്രീയ സമയക്രമം രണ്ട് ട്രെയിനിലെയും സ്ഥിരയാത്രക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സമയം അൽപ്പമെങ്കിലും മുന്നോട്ടാക്കി റെയിൽവേ സഹായിക്കണമെന്ന് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പോൾ ജെ. മാൻവെട്ടം ആവശ്യപ്പെട്ടു.
വന്ദേഭാരതിന്റെ ഷെഡ്യൂളിനെ ബാധിക്കാതെ പഴയ സമയക്രമത്തിൽ തന്നെ പാലരുവി തൃപ്പൂണിത്തുറയിലെത്തിക്കാമെന്ന് റെയിൽവേ പലവട്ടം തെളിയിച്ചിരുന്നു. എന്നാൽ ജനുവരി ഒന്നുമുതൽ 15 മിനിറ്റ് നേരത്തെയാക്കിയതിലൂടെ ദുരിതം ഇരട്ടിച്ചെന്നും പുലർച്ചെ 4.20ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 66322 എറണാകുളം മെമുവിന് തൊട്ടുപിറകെ പാലരുവി ഓരോ സ്റ്റേഷനിലും എത്തുന്നത്കൊണ്ട് യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ല സെക്രട്ടറി ശ്രീജിത്ത് കുമാർ അഭിപ്രായപ്പെട്ടു.
പാലരുവിക്ക് തൊട്ടുമുന്നിൽ മെമു സർവിസുള്ളത് കൊണ്ട് നേരത്തെ പോകേണ്ടവർക്ക് അതിനെ ആശ്രയിക്കാം. എന്നാൽ പാലരുവിക്ക് ശേഷം ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ 06169 കൊല്ലം എറണാകുളം- മെമു സർവിസ് നടത്തുന്നത്. ശാസ്താംകോട്ട, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരും സമയമാറ്റത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ടുണ്ട്. പഴയ സമയക്രമത്തിലേക്ക് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ അസോസിയേഷനുകൾ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
നിലവിൽ 25 മിനിറ്റ് നേരത്തെ വീടുകളിൽ നിന്ന് പുറപ്പെടേണ്ടി വരുന്ന എറണാകുളം ടൗണിലേക്കുള്ള സ്ഥിരയാത്രക്കാർ 35 മിനിറ്റോളം തൃപ്പൂണിത്തുറയിൽ വന്ദേഭാരത് കടന്നുപോകാൻ വീണ്ടും കാത്തുകിടക്കണം. വന്ദേഭാരതിന് മുമ്പ് പാലരുവി കോട്ടയത്തെത്തിയിരുന്നത് 7.08നും പുറപ്പെട്ടിരുന്നത് 7.10നുമാണ്. വന്ദേഭാരത് വന്നപ്പോൾ ഇത് യഥാക്രമം 6.55, 6.58 എന്നായി. ഇപ്പോൾ 6.40നാണ് ട്രെയിൻ കോട്ടയത്തെത്തുന്നത്. പുറപ്പെടുന്നത് 6.43നും.
പാലരുവിയുടെ കോട്ടയം സമയം:
(എത്തുന്നതും പുറപ്പെടുന്നതും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.