കോട്ടയം: ഓൺലൈനിൽ ബുക്ക് ചെയ്ത് ജില്ല ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയവരോട് ഒഫ്താൽമോളജി (നേത്രരോഗ വിഭാഗം) ഒ.പി ഇല്ലെന്ന് അധികൃതർ. ഒഫ്താൽമോളജി ഡോക്ടർക്ക് രാത്രി ഡ്യൂട്ടി നൽകിയതാണ് ഒ.പി മുടങ്ങാൻ കാരണം. ഇതേച്ചൊല്ലി ആശുപത്രിയിൽ രോഗികളുടെ ബഹളവും പ്രതിഷേധവും. ജില്ലയുടെ കിഴക്കൻ മേഖലയായ മുണ്ടക്കയം, എരുമേലി ഭാഗങ്ങളിൽനിന്ന് വെള്ളിയാഴ്ച രാവിലെ എത്തിയ രോഗികളാണ് ഡോക്ടറെ കാണാനാവാതെ നിരാശരായി മടങ്ങിയത്. ഓൺലൈനായും ഓഫ്ലൈനായും 50 വീതം ടോക്കണുകളാണ് ഒ.പിയിൽ നൽകുക.
ആശുപത്രിയിൽ നേരത്തെ വന്ന് വരിനിൽക്കുന്നത് ഒഴിവാക്കാൻ ദൂരെനിന്നുവരുന്നവർ ഓൺലൈനിലാണ് ടോക്കണെടുക്കുന്നത്. ഇത്തരത്തിൽ എത്തിയവരെയാണ് ഡോക്ടറില്ലാത്തതിനാൽ ഒ.പിയുമില്ലെന്ന് പറഞ്ഞ് മടക്കിയത്. രണ്ട് ഡോക്ടർമാരാണ് ഒഫ്താൽമോളജിയിലുള്ളത്. ഇവരിൽ ഒരാൾക്ക് ശസ്ത്രക്രിയ ഡ്യൂട്ടി ആയിരുന്നു. മറ്റേയാൾക്ക് വ്യാഴാഴ്ച കാഷ്വാലിറ്റിയിൽ രാത്രി ഡ്യൂട്ടി നൽകി.
അതിനാൽ വെള്ളിയാഴ്ച ആളില്ല. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഒഫ്താൽമോളജി ഒ.പി. പ്രവർത്തിക്കുന്നത്. നേരത്തെ ബുധനാഴ്ചകളിൽ ഒ.പി ഉണ്ടായിരുന്നു. ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് ബുധനാഴ്ച അവധിയാക്കിയത്. അതും പോരാഞ്ഞ് ചൊവ്വ, ശനി ദിവസങ്ങളിൽ അപ്രഖ്യാപിത അവധിയും വരും. ഇതിനിടെയാണ് വെള്ളിയാഴ്ചയും ഒ.പി മുടങ്ങിയത്.
മാസങ്ങളായി ഒഫ്താൽമോളജി ഒ.പിയിലെ പതിവാണിത്. ഇതുമൂലം ദുരിതത്തിലായത് രോഗികളാണ്. പ്രായമായവരാണ് ഒ.പിയിലെത്തുന്നവരിൽ ഭൂരിഭാഗവും. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണോ ജില്ല ജനറൽആശുപത്രി അധികൃതരുടെ ശ്രമമമെന്നാണ് രോഗികളുടെ ചോദ്യം. നാലു ഡോക്ടർമാർ വേണ്ടിടത്ത് രണ്ട് കൺസൽട്ടന്റ് തസ്തികകളാണ് ആശുപത്രിയിലുള്ളത്. ഒരു സീനിയർ കൺസൾട്ടന്റ് വിരമിച്ച ശേഷം പകരം നിയമനമില്ല. സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ആളെ കിട്ടാനില്ല. തസ്തിക മാറ്റി കൺസൾട്ടന്റ് ആക്കിയാൽ ആശുപത്രിയിലെ ഡോക്ടർമാരുടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.