കോട്ടയം: ചിരിതൂകുന്ന ചിത്രങ്ങളെക്കാൾ, കുറിക്ക് കൊള്ളുന്ന ടാഗ്ലൈനുകളാണ് തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ താരം. വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും ഇമ്പം തോന്നുന്ന, സ്ഥാനാര്‍ഥിയും മുന്നണിയും മുന്നോട്ടുവെക്കുന്ന ആശയം -ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതാണ് ടാഗ്ലൈൻ. ഹൃദയത്തിൽ കയറുന്നതിനൊപ്പം വോട്ടുയന്ത്രങ്ങൾക്ക് മുന്നിലെത്തുമ്പോഴും സ്ഥാനാർഥി ഓർമയിലെത്തണം. ടാഗ്ലൈനുകളിലൂടെ മുന്നണികൾ ലക്ഷ്യംവെക്കുന്നത് ഇതാണ്. അതിനാൽ എല്ലാ സ്ഥാനാർഥികളും ടാഗ്ലൈനുകളെ കൂട്ടുപിടിച്ചാണ് പ്രചാരണം.
പോസ്റ്ററിലും നവമാധ്യമങ്ങളിലും വ്യത്യസ്ത ടാഗ്ലൈനാണ് മുന്നണികള്‍ പരീക്ഷിക്കുന്നത്. കോട്ടയത്തെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ ‘ഇരുപതില്‍ ഒന്നാമന്, ഒന്നാമന് ഒരുവോട്ട്, ചാഴികാടന് ഒപ്പം, കരുതലായി കാവലായി’ എന്നിങ്ങനെ വികസനത്തിലൂന്നിയ ടാഗ്ലൈനാണ് ഉപയോഗിക്കുന്നത്. എം.പിയെന്ന നിലയിൽ ചാഴികാടൻ അഞ്ചുവർഷം നടത്തിയ പ്രവർത്തനം ജനമനസ്സുകളിലേക്ക് വേഗത്തിൽ എത്തിക്കാനാണ് ഇതിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.
‘കോട്ട കാക്കാൻ, കൂടെയുണ്ട് കോട്ടയം, കൈവിടില്ല കോട്ടയം’ എന്നിങ്ങനെ ഒപ്പമുണ്ടെന്ന് തോന്നിക്കുന്ന ടാഗ്ലൈനുകളാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റേത്. ‘കരുത്തായി, കോട്ടയത്തിന് കാവലായി’ എന്നിങ്ങനെ പോകുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ടാഗ്ലൈന്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിലാണ് ‘ടാഗ്ലൈനുകളുടെ’ മത്സരം. എന്‍.ഡി.എ സ്ഥാനാര്‍ഥി അനില്‍ കെ.ആന്റണിയാണ് ഏറ്റവും കൂടുതല്‍ ടാഗ്ലൈന് ഉപയോഗിക്കുന്നത്. നവമാധ്യങ്ങളില്‍ ഉപയോഗിക്കുന്ന പോസ്റ്ററുകളിൽ ഓരോ ദിവസവും അനില്‍ ടാഗ്ലൈന് മാറിക്കൊണ്ടേയിരിക്കുന്നു. ‘അകലെയല്ല വികസനം, അരികിലുണ്ട് യുവത്വം’ എന്നതാണ് അനിൽ ആന്റണിയുടെ പ്രധാന ടാഗ് ലൈൻ. അനിലേട്ടനെന്ന് വിശേഷിപ്പിക്കുന്ന നിരവധി പോസ്റ്ററുകൾ നവമാധ്യമങ്ങളിലും നിറയുന്നു.
‘നമ്മുക്കൊപ്പം നമുക്കായി നമ്മുടെ ആന്റോ’ എന്നതാണ് പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പ്രധാന വാചകം. പത്തനംതിട്ടയില്‍ ഇത്തവണ തോമസ് ഐസക് എന്നതിനൊപ്പം ‘നാടുണരട്ടെ, നന്മ നിറയട്ടെ’ എന്നതും എല്‍.ഡി.എഫ് മുന്നോട്ടുവെക്കുന്നു.
‘തുടരട്ടെ....നമ്മുടെ കൊടിക്കുന്നിൽ, കൊടിപാറിച്ച് കൊടിക്കുന്നില്‍, കൂടെയുണ്ട് കൊടിക്കുന്നില്‍’ എന്നിങ്ങനെ വ്യത്യസ്ത ടാഗ്ലൈനുകള്‍ പയറ്റുകയാണ് മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ്.
മാറ്റത്തിൽ ഊന്നുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എ. അരുണ്‍കുമാര്‍ ‘മാവേലിക്കരയുടെ ഖല്‍ബ്, നമ്മടെ പയ്യന്’ എന്നിവയും പരീക്ഷിക്കുന്നു. സിനിമ പോസ്റ്റർ മാതൃകയിൽ സൂപ്പർ അരുൺ എന്ന പോസ്റ്ററുകളും ചങ്ങനാശ്ശേരിയിലടക്കം പതിച്ചിട്ടുണ്ട്. ‘ചതിക്കില്ല വിശ്വസിക്കാം, കരുത്തോടെ മുന്നേറാന്‍’ തുടങ്ങിയ വാചകങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ പ്രതീക്ഷ.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ടാഗ്ലൈന് ഹിറ്റായി മാറിയത്. ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന് ഇടതുപക്ഷവും ‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന് യു.ഡി.എഫും എഴുതി. ‘വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബി.ജെ.പി’ എന്നായിരുന്നു അന്ന് ബി.ജെ.പിയുടെ ടാഗ്ലൈന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.