കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ 85 വയസ്സ് പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിൽതന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. അസന്നിഹിത വോട്ടർ (ആബ്സെന്റീ വോട്ടർ) വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസ് പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിരിക്കുന്നത്. അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം 15ന് തുടങ്ങി 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷൽ പോളിങ് ടീമുകളെത്തി വോട്ട് രേഖപ്പെടുത്തും.
ഒന്നാംഘട്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്ത വോട്ടർമാരുടെ വീടുകളിൽ 20 മുതൽ 24 വരെയുള്ള തീയതികളിൽ രണ്ടാംഘട്ടമായി പോളിങ് ടീം സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തും. ഈ രണ്ടുഘട്ടത്തിലും വോട്ടു ചെയ്യാൻ സാധിക്കാത്തവരുടെ വീടുകളിൽ 25ന് (ബഫർ തിയതി) പോളിങ് സംഘം വീണ്ടും സന്ദർശിക്കും. ഉപവരണാധികാരികൾ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാർഥികൾക്കും ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫിസർമാർക്കും മുൻകൂറായി ലഭ്യമാക്കും. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താൻ താമസസ്ഥലത്ത് എത്തുക.
വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിങ് സംഘം ഒരുക്കും. അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരികൾ അതതു ദിവസം വരണാധികാരി ചുമതലപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫിസറെ ഏൽപിച്ച് വോട്ടെണ്ണൽ ദിവസമായ ജൂൺ നാലുവരെ ജില്ല ട്രഷറിയിൽ സൂക്ഷിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.