കാഞ്ഞിരപ്പള്ളി: കിഴക്കൻ മേഖലയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്താകാൻ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. സ്പോർട്സ് സ്കൂൾ ഒരുങ്ങുന്നു. 27.70 കോടി ചെലവിൽ കിഫ്ബി മുഖേനയാണ് നിലവിലെ കുന്നുംഭാഗം ഗവ. സ്കൂളിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ. പുതിയ സ്പോർട്സ് സ്കൂളിൽ സ്പോര്‍ട്സ് സ്വിമ്മിങ് പൂള്, ക്രിക്കറ്റ് നെറ്റ്, വോളിബാള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സിന്തറ്റിക് ഫുട്ബാൾ ടര്‍ഫ്, ഹോസ്റ്റൽ, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്പോര്‍ട്സ് ബില്‍ഡിങ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യം ഉണ്ടാകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ‘മാധ്യമ’ ത്തോട് പറഞ്ഞു കിഫ്ബിയുടെ സ്പോര്‍ട്സ് പ്രവൃത്തികള്‍ക്കായുള്ള സ്പെഷല്‍ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണച്ചുമതല.
നിർമാണ ഭാഗമായി പഴയ സ്കൂള്‍ കെട്ടിടങ്ങളും സ്ഥലത്തെ മരങ്ങളും നീക്കി. നിലവിലുണ്ടായിരുന്ന പഴയ സ്കൂള്‍ കെട്ടിടത്തിന് പകരമായി എം.എല്‍.എ ഫണ്ടില്‍നിന്ന് 3.70 കോടി ചെലവഴിച്ച് പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയിരുന്നു. പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍.പി സ്കൂളിന്റെ ഒന്ന് മുതല്‍ നാലുവരെ ക്ലാസുകളും ഹൈസ്കൂളിന്റെ അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളും സ്പോര്‍ട്സ് സ്കൂളിന്റെ ഏഴു മുതല്‍ 10 വരെ ക്ലാസുകളും നടത്തുന്ന വിധത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. സ്പോര്‍ട്സ് സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഒഴികെയുള്ള എല്ലാ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാൽ അവിടേക്കുള്ള പ്രവേശനം പ്രത്യേകമായി നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.