കുടുംബശ്രീ കഫേകളിൽ ഭക്ഷണത്തിന് അമിത വിലയെന്ന് ആക്ഷേപം

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കോമ്പൗണ്ടുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കഫേകളിൽ അമിത വില ഈടാക്കുന്നതായി ആക്ഷേപം. അത്യാഹിത വിഭാഗം, ഒ.പി. ടിക്കറ്റ് കൗണ്ടർ, ബ്ലഡ് കലക്ഷൻ സെന്‍റർ, കാർഡിയോളജി, പുതിയ സർജിക്കൽ ബ്ലോക്ക്, ഗൈനക്കോളജി എന്നിവിടങ്ങളുടെ സമീപത്തായി 12ഓളം കുടുംബശ്രീ കഫേകളാണ് പ്രവർത്തിക്കുന്നത്. ഈ കഫേകളിൽ ചായക്കും ചെറുകടികൾക്കും പല വിലയാണ് ഈടാക്കുന്നത്.

മെഷീൻ ചായക്ക് ചില കഫേകളിൽ 12 രൂപയാണെങ്കിൽ ചിലയിടത്ത് 15 രൂപയാണ്. ആശുപത്രിക്ക് വെളിയിലുള്ള ഹോട്ടലുകളിൽ ചായക്ക് 15 രൂപയാണ് വാങ്ങുന്നത്. കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത കുടുംബശ്രീ കഫേയിൽ മുട്ടക്കറിക്ക് 50 രൂപയും ഇറച്ചി ഫ്രൈക്ക് 200 രൂപയും വാങ്ങുമ്പോൾ സ്വകാര്യ ഹോട്ടലുകാർ മുട്ടക്കറിക്ക് 30, 40 രൂപയും ഇറച്ചി ഫ്രൈക്ക് 150 രൂപയുമാണ് വാങ്ങുന്നത്. കൂടാതെ ഒരു കുടുംബശ്രീ യൂനിറ്റിന്‍റെ നേതൃത്വത്തിൽ നിരവധി കഫേകൾ പ്രവർത്തിക്കുന്നതായും ആക്ഷേപമുണ്ട്.

ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലും സ്വകാര്യ ഹോട്ടലുകളിലെ നിരക്കാണ് ഈടാക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന കഫേകളിൽ ഈടാക്കുന്ന കൊള്ളവില നിയന്ത്രിക്കാനും ഏകീകൃത വില നടപ്പാക്കാനും ആശുപത്രി അധികൃതർ ഇടപെടണമെന്നാണ് ചികിത്സക്ക് എത്തുന്നവരുടെ ആവശ്യം. 

Tags:    
News Summary - Food prices at Kudumbashree cafes are being criticized for being too expensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.