കോട്ടയം: ജില്ലയിലെ സ്കൂളുകളിൽ കുടുംബശ്രീ കഫേകളും വരുന്നു. ജൂലൈ ആദ്യവാരം ആദ്യഘട്ട കഫേകൾ ആരംഭിക്കും. വിദ്യാർഥികൾക്ക് പോഷക സമ്പൂർണമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി വസ്തുക്കൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ വിലക്കുറവിൽ ഈ സംവിധാനത്തിലൂടെ ലഭിക്കും.
കുട്ടികൾ സ്കൂൾ പ്രവൃത്തി സമയത്ത് പുറത്തുപോകുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ, അനാരോഗ്യകരമായ ഭക്ഷണങ്ങൾ, ലഹരി വസ്തുക്കളുമായുള്ള സമ്പർക്കം ഉണ്ടാകാനുള്ള സാധ്യത മുതലായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങൾ വഴി കഴിയും.
കൂടാതെ പ്രഭാതഭക്ഷണം ലഭിക്കാത്ത വിദ്യാർഥികൾക്ക് കഫേയിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ ഭക്ഷണം ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ആയിരത്തോളം കുടുംബശ്രീ വനിതകൾക്ക് സുസ്ഥിര വരുമാനം ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കുടുംബശ്രീ കഫേ പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.ആർ. അനുപമ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എ.എ. ശ്രീകുമാർ, ജില്ലമിഷൻ കോഓഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ജില്ല പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.