കോട്ടയം: കുടുംബശ്രീയുടെ ‘മാ കെയർ’ പദ്ധതി ജില്ലയിൽ എട്ട് സ്കൂളുകളിൽ കൂടി ആരംഭിക്കുന്നു. ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട ബ്ലോക്കുകൾക്ക് കീഴിലെ സ്കൂളുകളിലാണ് പുതിയ കേന്ദ്രങ്ങൾ തുറക്കുകയെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ അറിയിച്ചു.
സംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ വിദ്യാർഥികൾക്ക് ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതാണ് ‘മാ കെയർ’ പദ്ധതി. തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി ജില്ലയിൽ ആഗസ്റ്റ് മാസത്തിലാണ് പദ്ധതി ആരംഭിച്ചത്. നിലവിലുള്ള 16 സ്കൂളുകളിൽ പദ്ധതി വിജയകരമായതിനെത്തുടർന്നാണ് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
ഒരു സ്കൂളിൽ പ്രതിമാസം 45,000 രൂപവരെ വിറ്റുവരവ് കുടുംബശ്രീക്ക് ലഭിക്കുന്നുണ്ട്. സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനാൽ സ്കൂൾ സമയത്ത് കുട്ടികൾ ഇവ വാങ്ങുന്നതിന് പുറത്തുപോകുന്നത് ഒഴിവാക്കാനാകും. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഇവിടെനിന്ന് ലഘുഭക്ഷണങ്ങളും മറ്റു സാധനങ്ങളും മിതമായ നിരക്കിൽ വാങ്ങാം. ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.