കോട്ടയം: ജോലിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച സഹപ്രവർത്തകന്റെ മൃതദേഹത്തെ അനുഗമിക്കാൻ പോയ ജീവനക്കാർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിന് വാടക ഈടാക്കിയതായി പരാതി. കോട്ടയം ഡിപ്പോയിലെ ജീവനക്കാരുടെ സംഘടനകളാണ് അസി. ട്രാൻസ്പോർട്ട് ഓഫിസർക്കെതിരെ (എ.ടി.ഒ) ഗതാഗതമന്ത്രിക്കും എം.ഡിക്കും പരാതി നൽകിയത്. കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ മാങ്ങാനം വാഴത്തറയിൽ സിബി സേവ്യർ (45) ദിവസങ്ങൾക്ക് മുമ്പ് പുലർച്ചയാണ് കഞ്ഞിക്കുഴിയിൽ കുഴഞ്ഞുവീണു മരിച്ചത്.
പിറ്റേന്ന് വൈകീട്ട് 3.30ന് മൃതദേഹം ഡിപ്പോയിൽ പൊതുദർശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് 50 ജീവനക്കാർ ബസിൽ അനുഗമിച്ചത്. ഒരു ബസ് സൗജന്യമായി വിട്ടുതരണമെന്ന് ജീവനക്കാർ എ.ടി.ഒയോട് ആവശ്യപ്പെട്ടെങ്കിലും ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാത്രമേ ബസ് വിട്ടുതരാൻ പറ്റുകയുള്ളൂ എന്നു മറുപടി ലഭിച്ചതായി പറയുന്നു. തുടർന്ന് 3600 രൂപ ജീവനക്കാർ പിരിവെടുത്ത് അടച്ചാണ് ബസ് കൊണ്ടുപോയത്.
എന്നാൽ, പണം നൽകി മാത്രമേ വണ്ടി കൊണ്ടുപോകാൻ സാധിക്കൂയെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് എ.ടി.ഒയുടെ വിശദീകരണം. സ്ഥിരംതൊഴിലാളി മരിച്ചാൽ 5000 രൂപ കുടുംബത്തിന് കൈമാറും. മന്ത്രി, എം.ഡി, യൂനിറ്റ് എന്നിവരുടെ പേരിൽ റീത്ത് വെക്കുകയും ചെയ്യും. താൽക്കാലിക ജീവനക്കാർ മരിച്ചാൽ ഇത്തരത്തിലുള്ള നടപടികൾ സാധാരണ ഗതിയിലില്ല. എന്നാൽ, കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് സിബിയുടെ ബന്ധുവിന് 5000 രൂപ കൈമാറിയിരുന്നെന്നും എ.ടി.ഒ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.