കോട്ടയം: കർണാടകയിൽ ട്രെയിനിൽ നിന്ന് വീണ യുവാവ് അബോധാവസ്ഥയിൽ ട്രാക്കിനരികിൽ കിടന്നത് ഒരു രാത്രി മുഴുവൻ. കോട്ടയം റെയിൽവേ പൊലീസിന്റെ സമയോചിത ഇടപെടലിലാണ് യുവാവിനെ കണ്ടെത്തിയത്. പേരൂർ സ്വദേശി കാര്യറ്റപ്പുഴ സുധീഷിനാണ് (29) അപകടം സംഭവിച്ചത്. സുധീഷ് ബന്ധുവിനൊപ്പം ബംഗളൂരുവിലേക്ക് പോവുന്നതിനിടെ ട്രെയിനിൽനിന്ന് വീഴുകയായിരുന്നു.
കോട്ടയത്തുനിന്ന് സഹോദരൻ പല തവണ വിളിച്ചിട്ടും സുധീഷ് ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസ് ഗ്രേഡ് എസ്.ഐ ഉദയന് വിവരം നൽകുകയായിരുന്നു. എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നിർദേശപ്രകാരം റെയിൽവേ സൈബർ സെല്ലിന്റെയും പി.ആർ.ഒ രാഹുൽ മോന്റെയും സഹായത്തോടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കർണാടകയിലെ കുപ്പം ആണെന്ന് മനസിലാക്കി.
തുടർന്ന് കോട്ടയം ആർ.പി.എഫ് എ.എസ്.ഐ എൻ.എസ്. സന്തോഷിന്റെ സഹായത്തോടെ ബംഗളൂരു ആർ.പി.എഫ്, ജി.ആർ.പി. എന്നിവരുമായി ബന്ധപ്പെട്ടു. ഇവർ ഉടൻ തന്നെ റെയിൽവേ ട്രാക്കിനരികെ പരിശോധന നടത്തിയപ്പോൾ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ സുധീഷിനെ കണ്ടെത്തുകയായിരുന്നു. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. സുധീഷിനൊപ്പം യാത്ര ചെയ്തിരുന്ന ബന്ധു മറ്റൊരു കമ്പാർട്ട്മെന്റിലായിരുന്നതിനാൽ അപകടം അറിഞ്ഞില്ല. വിവരമറിഞ്ഞ് ഇദ്ദേഹം അടുത്ത സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് ആശുപത്രിയിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.