കോട്ടയം: ജില്ല ആശുപത്രിക്ക് 10 നില കെട്ടിടം പണിയുന്നതിനായി എടുത്ത മണ്ണിൽ വിവാദം തളിർക്കുന്നു.മണ്ണ് നീക്കത്തെ സ്ഥലം എം.എൽ.എ എതിർത്തതിനാൽ കെട്ടിട നിർമാണം പ്രതിസന്ധിയിലാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി രംഗത്തുവന്നിരുന്നു. ആശുപത്രി വികസനം തടസ്സപ്പെടുത്തിയ തിരുവഞ്ചൂർ രാജിവെക്കണമെന്നായിരുന്നു എൽ.ഡി.എഫിന്റെ ആവശ്യം.
ഇതേ ആവശ്യമുന്നയിച്ച് എൽ.ഡി.എഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധസമരവും സംഘടിപ്പിച്ചു. അതേസമയം, പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിൽ മന്ത്രി വാസവനെ ലാക്കാക്കി അനിൽകുമാർ വിവാദമുണ്ടാക്കുകയാണെന്നും താൻ മന്ത്രിക്കെതിരെ ആഞ്ഞടിക്കണമെന്നതാണ് മണ്ണ് വിവാദത്തിന് പിന്നിലെ ലക്ഷ്യമെന്ന മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തുവന്നിട്ടുണ്ട്.
ആശുപത്രിയുടെ മണ്ണിൽ വിവാദം തളിർത്തതോടെ വരുംദിനങ്ങളിൽ സംവാദവും തർക്കവിതർക്കങ്ങളും രൂക്ഷമാകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.
കോട്ടയം: ജില്ല ആശുപത്രിയുടെ വികസനത്തെ താൻ തടസ്സപ്പെടുത്തുന്നുവെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ആരോപണം മന്ത്രി വി.എൻ. വാസവനെ ലക്ഷ്യമിട്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ജില്ല ആശുപത്രിയുടെ വികസനം സ്ഥലം എം.എൽ.എ തടസ്സപ്പെടുത്തുന്നുവെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി നിരത്തിയ ആരോപണങ്ങൾക്ക് കോട്ടയം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു തിരുവഞ്ചൂർ.
ജില്ല ആശുപത്രിയുടെ 10 നില കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യാൻ തിരുവഞ്ചൂർ തടസ്സം നിന്നതിനാൽ ആശുപത്രി വികസനം വൈകിയെന്നും എം.എൽ.എ രാജിവെക്കണമെന്നുമായിരുന്നു എൽ.ഡി.എഫ് നേതാക്കളുടെ ആവശ്യം. എന്നാൽ, ആശുപത്രി വളപ്പിൽ നിന്ന് നീക്കം ചെയ്ത മണ്ണ് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് ആശുപത്രിയുടെ ആവശ്യത്തിനായി നൽകണമെന്ന അപേക്ഷ അനുവദിക്കേണ്ടെന്ന് ആശുപത്രി വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടത് മന്ത്രി വാസവനും താനും ഒന്നിച്ചായിരുന്നുവെന്ന് തിരുവഞ്ചൂർ പറഞ്ഞു.
കോട്ടയത്തുനിന്ന് ഏറെ ദൂരെയുള്ള പുളിങ്കുന്നിലേക്ക് മണ്ണ് കൊണ്ടുപോകുന്നത് നഷ്ടമായതിനാൽ കോട്ടയത്തുതന്നെ മണ്ണ് മറ്റാവശ്യത്തിന് നൽകണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. അതുപ്രകാരം മൊത്തം 13 ക്യുബിക് മീറ്റർ മണ്ണിൽ കോട്ടയം മണ്ഡലത്തിന് അഞ്ച് ക്യുബിക്കും മന്ത്രി വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിന് എട്ട് ക്യുബിക്കും അനുവദിച്ചു. കോട്ടയത്തിന് അനുവദിച്ച മണ്ണുപയോഗിച്ച് മുപ്പായിപ്പാടം റോഡ് നിർമാണം പൂർത്തിയാക്കി. എന്നാൽ, ഏറ്റുമാനൂരിന് അനുവദിച്ച മണ്ണ് അയ്മനം പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തും പരിപ്പിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും കൂട്ടിയിട്ടിരിക്കുകയാണ്.
യാഥാർഥ്യം ഇതായിരിക്കെ അനിൽകുമാർ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും തനിക്കുനേരെ ആരോപണം തൊടുത്താൽ വാസവനെ താൻ ആക്രമിക്കുമെന്നാണ് അദ്ദേഹം കരുതുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. പാർട്ടിക്കകത്ത് വാസവനെ നേരിട്ടടിക്കാൻ കഴിയാത്തതിനാൽ തന്നെ ഉപയോഗിച്ച് അടിക്കാനാണ് അനിൽ കുമാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. കോട്ടയം മണ്ഡലത്തിന്റെ വികസനത്തിന് ഇടതുസർക്കാർ തുരങ്കം വെക്കുകയാണെന്നും ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ച് വർഷം മാത്രമാണ് കോട്ടയത്ത് വികസനമുണ്ടായതെന്നും തിരുവഞ്ചൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.