കോട്ടയം: കോണത്താറ്റ് പാലം പണി അവസാന ഘട്ടത്തിലെത്തിയെങ്കിലും തുറന്നുകൊടുക്കൽ വൈകും. പ്രവേശനപാതയുടെ പുതുക്കിയ രൂപരേഖ സംബന്ധിച്ച അന്തിമനടപടി ക്രമങ്ങൾ വൈകുന്നതാണ് നിർമാണം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
സാധാരണ രീതിയിൽ മണ്ണിട്ട് ഉയർത്തി രണ്ടുഭാഗത്തും പാത പണിയാനായിരുന്നു ആദ്യധാരണ. എന്നാൽ, സ്ഥിരം വെള്ളം കയറുന്ന മേഖല ആയതിനാൽ പ്രവേശനപാത പെട്ടെന്ന് തകരാൻ സാധ്യതയുണ്ട്. ഇതോടെയാണ് വീണ്ടും ചർച്ച നടന്നത്.
ഒടുവിൽ രണ്ട് സ്പാനുകൾ വീതം ഇരുകരയിലും നിർമിച്ച ശേഷം പാലം പണിയാമെന്നു തീരുമാനിച്ചു. പിന്നീട് കിഫ്ബി നിർദേശപ്രകാരം സ്പാനുകളുടെ എണ്ണം മൂന്നാക്കി.
ഇതു സംബന്ധിച്ച ചർച്ച ഇപ്പോഴും നടക്കുകയാണ്. പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായി. കൈവരി കെട്ടൽ പുരോഗമിക്കുന്നു. പെയിന്റിങ് കഴിഞ്ഞാൽ പാലം പൂർത്തിയാകും. 10 ദിവസത്തെ പണി കൂടിയേ ബാക്കിയുള്ളൂ എന്നാണ് കരാറുകാർ പറയുന്നത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തേക്കുള്ള റോഡാണിത്. പാലം തുറക്കൽ വൈകുന്നതോടെ വിനോദസഞ്ചാരികൾ മാത്രമല്ല ചേർത്തല, വൈക്കം, കുമരകം ഭാഗത്തേക്കുള്ള യാത്രക്കാരും ബുദ്ധിമുട്ടിലാണ്.
നിലവിൽ ബസ് പാലത്തിന്റെ ഇരുപുറവുമെത്തി യാത്ര അവസാനിപ്പിക്കുകയാണ്. ചേര്‍ത്തല, വൈക്കം എന്നിവിടങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ പുതിയകാവ് അമ്പലത്തിനു മുന്നിലും കോട്ടയത്തുനിന്ന് വരുന്ന ബസുകള്‍ ആറ്റാമംഗലം പള്ളിക്ക് മുന്നിലെ താൽക്കാലിക സ്റ്റാന്‍ഡിലും യാത്ര അവസാനിപ്പിക്കും. യാത്രക്കാർ ബസിൽനിന്നിറങ്ങി നടന്ന് അക്കരെയെത്തി അടുത്ത ബസിൽ കയറണം. വിദ്യാർഥികളും ജോലിക്കാരുമടക്കം ഒരു വർഷത്തിലേറെയായി ഈ ദുരിതം അനുഭവിക്കുന്നു. തോടിന് കുറുകെ താൽക്കാലിക റോഡ് പണിതിട്ടുണ്ട്. ഇതുവഴി ബസുകളടക്കം വലിയ വാഹനങ്ങൾ കടത്തിവിടുന്നില്ല.
കോട്ടയം-കുമരകം റോഡിലെ ഇല്ലിക്കൽ ജങ്ഷൻ മുതൽ കുമരകം വരെയുള്ള 13.3 കിലോമീറ്റർ ഭാഗം കിഫ്ബി പദ്ധതി വഴി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലം പൊളിച്ചുപണിയുന്നത്. നവംബർ ഒന്നിനാണ് പാലം നിർമാണം തുടങ്ങിയത്.
7.94 കോടി ചെലവഴിച്ച് കിഫ്ബിയുടെ മേൽനോട്ടത്തിലാണ് പാലം പണി നടക്കുന്നത്. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലും ഇരുവശത്തുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്റോഡും ഉള്‍പ്പെടുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.