കോട്ടയം ജില്ലയില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍

കോട്ടയം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക അദാലത്തുകള്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ കോട്ടയം ജില്ലയില്‍ നടക്കും. സാന്ത്വന സ്പര്‍ശം എന്ന പേരില്‍ നടത്തുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ മന്ത്രി പി. തിലോത്തമന്‍, കെ. കൃഷ്ണന്‍കുട്ടി, കെ.ടി. ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അദാലത്തുകളിലേക്കുള്ള അപേക്ഷകള്‍ ഫെബ്രുവരി മൂന്നിന് ഉച്ചമുതല്‍ ഒന്‍പതിനു വൈകുന്നേരം വരെ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ പോര്‍ട്ടലില്‍ (https://cmo.kerala.gov.in/) പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ സൗജന്യമായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും നല്‍കാം.

അദാലത്തുകളുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജിനെ നിയോഗിച്ചിട്ടുണ്ട്. അദാലത്തിലേക്ക് ലഭിക്കുന്ന പരാതികള്‍ തരംതിരിച്ച് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കുന്നതിന് റവന്യു, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി, കൃഷി, ദാരിദ്ര്യ ലഘൂകരണ വിഭാഗം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടറുടെ അദാലത്തുകളില്‍ പരിഗണിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രിമാരുടെ അദാലത്തുകളിലും സ്വീകരിക്കുന്നതല്ല.

ന്യായമായ എല്ലാ പരാതികളിലും തീര്‍പ്പു കല്‍പ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നതിന് മുന്നൊരുക്കം നടത്തണമെന്ന് ഇന്നലെ(ജനുവരി 23) നടന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. വകുപ്പുകളില്‍നിന്നുള്ള മറുപടികള്‍ കൃത്യവും വിശദവുമായിരിക്കണം. രേഖകള്‍ ആവശ്യമുള്ള കേസുകളില്‍ അതിനായി ഏത് ഉദ്യോഗസ്ഥനെ എപ്പോള്‍ ബന്ധപ്പെടമെന്ന കാര്യം അറിയിക്കണം. പരിഹരിക്കാന്‍ കഴിയാത്ത പരാതികളില്‍ കാരണം വ്യക്തമാക്കിയിരിക്കണം. നയപരമായ മാറ്റം ആവശ്യമുള്ള കേസുകളുണ്ടെങ്കില്‍ ആക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യണം-കളക്ടര്‍ നിര്‍ദേശിച്ചു.

യോഗത്തില്‍ സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Kerala Govt Adalath in Kottayam District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.