'ശവപ്പെട്ടിക്ക് ഡിസ്‌കൗണ്ട്, പുഷ്പചക്രം ഫ്രീ' ന്യൂജെൻ സമരവുമായി കേരളാ കോൺഗ്രസ്-എം

കുറുപ്പന്തറ: അപകടങ്ങൾ തുടർക്കഥയായ പുളന്തറവളവിൽ ഇന്ന്​ എത്തിയവരൊക്കെ ആദ്യം ഒന്ന് അമ്പരന്നു. സൂപ്പർ കൗണ്ടറടിച്ച് എം.എൽ.എയുടെ ഹെൽപ്പ് ലൈൻ ഓഫീസ് എന്ന ബോർഡ്. ഇതിനൊപ്പം ശവപ്പെട്ടിക്ക് 90 % ഡിസ്‌കൗണ്ട് എന്ന മറ്റൊരു ബോർഡ്. 8000 രൂപയുടെ ശവപ്പെട്ടിക്ക് 800 രൂപമാത്രം. പുഷ്പചക്രം ഫ്രീ. ഇതിനു പിന്നാലെ ഇതുവഴിയെത്തിയവർക്ക് മധുരപലഹാരവും. വാഹനം നിറുത്തിയും നിരത്തിലിറങ്ങിയും കാര്യങ്ങൾ വീക്ഷിച്ചതോടെയാണ് സാഹചര്യം പലർക്കും വ്യക്തമായത്.

പുളിന്തറ വളവ് നിവർത്തി അപകടം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത കടുത്തുരുത്തി എം.എൽ.എയ്‌ക്കെതിരെയുള്ള വേറിട്ട സമരമായിരുന്നു ഇത്. കേരളാ കോൺഗ്രസ്-എം മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നൽകിയത്.

അപകടദൃശ്യം ചിത്രീകരിച്ച് എം.എൽ.എയ്‌ക്കെതിരെ കഴിഞ്ഞദിവസം ഡി.വൈ.എഫ്‌.ഐ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളാ കോൺഗ്രസ്-എം നേതൃത്വവും സമരം ശക്തമാക്കി രംഗത്തിറങ്ങിയത്. പുളിന്തറ വളവ് നിവർത്താൻ കഴിയാത്തത് സർക്കാർ അനാസ്ഥയാണെന്ന് പറയുന്ന മോൻസ് ജോസഫ് എം.എൽ.എ മലർന്ന് കിടന്നുതുപ്പുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കേരളാ കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. രണ്ട് പതിറ്റാണ്ട് എം.എൽ.എയായും പൊതുമരാമത്ത് മന്ത്രിയായും അധികാരത്തിലിരുന്ന ശേഷം സംസ്ഥാനസർക്കാരിനെ പഴിക്കുന്നത് ആത്മവഞ്ചനയാണെന്ന് എം.എൽ.എ തിരിച്ചറിയണമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ-എറണാകുളം റോഡിൽ പ്രധാനപ്പെട്ട പുളിന്തറ വളവ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടും നിവർത്താൻ കഴിയാതിരുന്നത് അംഗീകരിക്കാൻ തയ്യാറാകുകയാണ് വേണ്ടത്. ഈ കാലയളവിൽ ഭൂമി ഏറ്റെടുക്കാൻ കഴിയാതിരുന്നതിന്റെ കാരണം എംഎൽഎ വ്യക്തമാക്കുകയും ജനത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് കേരളാ കോൺഗ്രസ് -എം നേതാക്കൾ ആവശ്യപ്പെട്ടു.

പാർട്ടി മണ്ഡലം പ്രസിഡന്റ് കെ.സി മാത്യു അധ്യക്ഷത വഹിച്ചു. പാർട്ടി ഭാരവാഹികളും നേതാക്കളുമായ  ബിജു മറ്റപ്പള്ളി, സക്കറിയാസ് കുതിരവേലി,എ എം ജോസഫ്, തോമസ് അരയത്ത് ജോൺ എബ്രഹാം, രാജു മാണി,  ജോർജ് പട്ടമന, ഷാജി ആറ്റുപുറം, ജോർജ്ജുകുട്ടി കാറുകുളം, സാബു കല്ലട, വർഗീസ് വാഴക്കൻ, ജോയ് കക്കാട്ടിൽ, നവകുമാർ, ജോസഫ് പുള്ളിക്കാപ്പറമ്പിൽ, ജോസ്കുട്ടി കക്കാട്ടിൽ, സിബി സിബി, എൽസമ്മ ബിജു, സാലിമോൾ ജോസഫ്, ജോസ് വൈപ്പിക്കുന്നൽ, ജോബിൻ ചക്കംകുഴി, സാം ജോൺസൺ.

Tags:    
News Summary - Kerala Congress-M with New Age strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.