കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ദേശീയപാതയിലെ ബസ് സ്റ്റോപ്പിൽ സീബ്രാലൈനിൽ നിർത്തിയ ബസ്
കാഞ്ഞിരപ്പള്ളി: പേട്ടകവലയിലെ ബസ്സ്റ്റോപ്പിനോട് ചേർന്ന സീബ്രാലൈൻ കാൽനടക്കാർക്ക് ദുരിതവും അപകട ഭീഷണിയുമാകുന്നു. ദേശീയപാതയിൽ മുണ്ടക്കയം, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിലാണ് കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്രാലൈൻ വരച്ചിട്ടുള്ളത്.
ഇരു ദിശയിലേക്കുമുള്ള ബസുകൾ മിക്കവാറും നിർത്തുന്നത് ഇതിന് മുകളിലാണ്. അല്ലെങ്കിൽ തൊട്ടടുത്തായാണ് നിർത്തുന്നത്. ഇതുമൂലം റോഡ് മുറിച്ചുകടക്കേണ്ട കാൽനടക്കാർ നിർത്തിയിട്ട ബസിന് മുന്നിൽ കൂടിയോ പിന്നിൽ കൂടിയോ വേണം കടക്കാൻ. ഇങ്ങനെ കടക്കുമ്പോൾ എതിർദിശയിൽ വാഹനങ്ങൾ വരുന്നുണ്ടോയെന്ന് റോഡിന്റെ മധ്യഭാഗത്ത് എത്തുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക.
ബസുകളുടെ തൊട്ടുമുന്നിൽ കൂടി യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത് ബസ് ഡ്രൈവർമാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. സീബ്രാലൈനിൽ വാഹനങ്ങൾ നിർത്തുന്നതുമൂലം പലപ്പോഴും കാൽനടക്കാർ ഇത് ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം അപകട സാധ്യത വർധിക്കുന്നതിന് കാരണമാകുന്നു.
ദേശീയപാതയിൽ പേട്ട കവലയിലെ സീബ്രാലൈൻ മുണ്ടക്കയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് കഴിഞ്ഞ് ആക്കുകയാണെങ്കിൽ കാൽനടക്കാർക്ക് റോഡ് സുരക്ഷിതമായി മുറിച്ചു കടക്കാനും അപകട സാധ്യത ഒഴിവാക്കാനും സാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിൽ പേട്ടകവല ബസ് സ്റ്റോപ്പിലെ തിരക്ക് കുറക്കുന്നതിനും ഇത് സഹായകരമാകുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.