ദേശീയപാതയിലെ കാടുകയറിയതും എഴുത്തുകൾ മാഞ്ഞുപോയതുമായ ദിശ ബോർഡുകൾ
കാഞ്ഞിരപ്പള്ളി: ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന ദേശീയപാത 183ൽ ദിശയറിയാൻ പാടുപെട്ട് യാത്രക്കാർ. സ്ഥലനാമങ്ങളും ദൂരവും രേഖപ്പെടുത്തിയ ദിശബോർഡുകളിൽ പലതും കാടുകയറിയും അക്ഷരങ്ങൾ മാഞ്ഞും വായിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. പല സ്ഥലങ്ങളിലും വളവുകളും മറ്റും സൂചിപ്പിക്കുന്ന സിഗ്നൽ ബോർഡുകളുടെ അവസ്ഥയും ഇതുതന്നെയാണ്. കോട്ടയത്തുനിന്ന് കുമളിയിലേക്കുള്ള യാത്രയിൽ മലയോര മേഖലയിലാണ് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന ദേശീയ പാതയിലൂടെ വിദേശികൾ അടക്കം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലാണ് ഈ അവസ്ഥ. കുമളി, തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, തമിഴ്നാട്ടിലെ കമ്പം, തേനി, മധുര, പളനി അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർ പലപ്പോഴും ദിശ ബോർഡുകൾ വായിക്കാൻ കഴിയാത്തതുമൂലം വഴി ചോദിച്ചുപോകേണ്ട സ്ഥിതിയാണ്.
ഗൂഗിൾ മാപ്പ് നോക്കി പോയാൽ പലപ്പോഴും വഴി തെറ്റിപ്പോകുകയോ പരിചിതമല്ലാത്ത സ്ഥലത്ത് എത്തപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വളവുകളും തിരിവുകളും റോഡിന്റെ ഒരു വശം താഴ്ചയും നിറഞ്ഞ ദേശീയപാതയിൽ വളവുകളും മറ്റ് സൂചിപ്പിക്കുന്ന ബോർഡുകൾ പലയിടത്തും വ്യക്തമായി കാണാൻ സാധിക്കാത്തത് അപകട സാധ്യതയും വർധിപ്പിക്കുന്നു. അപകടരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ സഞ്ചാരികൾക്ക് ഉപകാരപ്രദമായ രീതിയിൽ ദിശബോർഡുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.