ഷംസുദ്ദീൻ വീട്ടുമുറ്റത്തുനിന്നും വിളവെടുത്ത ടെറിങ്കാനോ ചെറിപ്പഴവും സപ്പോട്ടയുമായി
കാഞ്ഞിരപ്പള്ളി: ഒരുവീടും വീട്ടുമുറ്റവും നിറയെ പൂക്കളും ഫലവൃക്ഷങ്ങളും. ഏവരുടേയും ഈ സ്വപ്നം സ്വന്തം വീട്ടിൽ സഫലമാക്കിയിരിക്കുകയാണ് തോട്ടത്തിൽ ഷംസുദ്ദീൻ . കാഞ്ഞിരപ്പള്ളി ടൗണിൽ തന്നെയാണ് ഈ അപൂർവ്വ കാഴ്ച. തോട്ടത്തിൽ മെഡിക്കൽസ് ഉടമയായ ഷംസുദ്ദീന്റെ വീട്ടിൽ ആദ്യമെത്തുന്നവർ ഒന്ന് അത്ഭുതപ്പെടും.
പൂക്കളും തളിരിലകളും നിറഞ്ഞ വീടിന്റെ പ്രവേശനകവാടം കടക്കുമ്പോൾ തന്നെ എത്തിയവരുടെ മനം കുളിർക്കും. കൃഷി തോട്ടത്തിലാണോ എത്തിയതെന്ന് ആരുമൊന്ന് സംശയിക്കും. വിവിധയിനം മാങ്ങ, ചമ്പ, മരമുന്തിരിയെന്ന ജബോട്ടിക്കാബ, ചെറി, സപ്പോട്ട, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി വിവിധയിനം ഫലവൃക്ഷങ്ങളും വിവിധയിനം ചെടികളുമാണ് മുറ്റത്തും മട്ടുപ്പാവിലുമായുള്ളത്.
തായ്ലന്റ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളതടക്കം 150ലേറെ ഇനത്തിലുള്ള ഫല വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. 20 ഇനം മാങ്ങകളും, പേരക്ക, ചാമ്പ മുതലായവ ഇക്കൂട്ടത്തിലുണ്ട്. ചാമ്പങ്ങയുടെ രാജാവെന്നറിയപ്പെടുന്ന ദിൽഹരി ഇനത്തിൽപ്പെട്ട ഒരു ചാമ്പങ്ങക്ക് അരക്കിലോ തൂക്കം വരും. രണ്ട് കിലോ വരുന്ന മാങ്ങ, ഒരുകിലോ തൂക്കം വരുന്ന പേരയ്ക്ക എന്നിവയും ശേഖരത്തിലെ മുഖ്യ ആകർഷണമാണ്.
കാഞ്ഞിരപ്പള്ളിയിലെ ആദ്യകാല പുകയില വ്യാപാരിയായിരുന്ന പി.കെ.അബ്ദുൾ അസീസിന്റെ മകനായ ഷംസുദ്ദീൻ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസരംഗത്തെ സജീവ സാന്നിധ്യമാണ്. നാല് വർഷം മുമ്പ് യുട്യൂബിൽ ഇത്തരം കാര്യങ്ങൾ കണ്ടതാണ് കർഷകൻ കൂടിയായ ഷംസുദ്ദീന് വീട്ടുമുറ്റവും മട്ടുപ്പാവും ഹരിതാഭമാക്കുന്നതിന് പ്രചോദനമായത്. എന്നും രാവിലെ രണ്ട് മണിക്കൂർ ഇവയെ പരിപാലിക്കും.
തുടർന്ന് ടൗണിലെത്തി മെഡിക്കൽ സ്റ്റോർ തുറക്കും. ഭാര്യ സീന സഹായത്തിനൊപ്പമുണ്ട്. ഷിഫ, ഫിസ, അലീഫ് ഖാൻ ,ആലീയ ബീഗം എന്നിവരാണ് മക്കൾ. സ്ഥലത്തുള്ളപ്പോൾ അവരും ഫലവൃക്ഷങ്ങളുടെ പരിപാലനത്തിൽ സഹായിക്കാറുണ്ട്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഇക്കഴിഞ്ഞിടെ ഹരിതഭവനം പുരസ്കാരം നൽകി ഷംസുദ്ദീനെ ആദരിച്ചിരുന്നു. പുതിയ തലമുറക്ക് കൃഷി ഹരമാക്കി മാറ്റുക എന്നതാണ് തന്റെ ആശയമെന്ന് ഷംസുദ്ദീൻ പറയുന്നു.
കൃഷി കാണുവാൻ ധാരാളം ആൾക്കാരും വിദ്യാർഥികളും എത്താറുണ്ട്. വിദ്യാർഥികൾക്ക് തൈകൾ സൗജന്യമായി നൽകാറുണ്ട്. പൂക്കളും കായ്കളും കാണുമ്പോൾ മനം നിറയും. പുതുതലമുറയ്ക്ക് ഇത്തരം വീട്ടുമുറ്റകൃഷി ഹരമായി മാറിയാൽ മയക്കുമരുന്നിന്റെ ഉപഭോഗവും മൊബൈൽഫോണിന്റെ അമിത ഉപയോഗവും തടയുവാൻ കഴിയുമെന്നാണ് ഷംസുദ്ദീന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.