കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ആയിരങ്ങൾ ആശ്രയിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാർ ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. ഇടുക്കി, കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ചികിത്സ തേടിയെത്തുന്ന സാധാരണക്കാരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്. പുതിയ ബഹുനിലകെട്ടിടവും കാത്ത് ലാബും ബ്ലഡ് ബാങ്കും അടക്കമുള്ള സൗകര്യം ഒരുക്കിയപ്പോഴാണ് ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്ത അവസ്ഥ.
നിലവിൽ ദിനംപ്രതി ശരാശരി 500 രോഗികൾ എത്തുന്ന അത്യാഹിത വിഭാഗത്തിൽ അഞ്ച് ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. അപകടത്തിൽപെട്ട് എത്തുന്നവരെ നോക്കുന്നതിനായോ, പൊലീസ് കേസുകൾക്കായി ബന്ധപ്പെട്ട പരിശോധനക്കോ ഡോക്ടർ പോയാൽ അത്യാഹിത വിഭാഗത്തിലെത്തിയ രോഗികൾ ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസറുടെ തസ്തികയും ഒഴിഞ്ഞ് കിടക്കുകയാണ്. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. രണ്ട് ഡോക്ടർമാരാണ് ഇവിടെ വേണ്ടത്.
ഗൈനക്കോളജി വിഭാഗത്തിലും ഒരു ഡോക്ടറുടെ കുറവുണ്ട്. ലാമിനാർ ഓപറേഷൻ തിയറ്റർ സ്ഥാപിച്ചെങ്കിലും സ്ഥിതി വ്യത്യസ്തമല്ല. സർജറി വിഭാഗത്തിൽ ആകെയുള്ളത് ഒരു ഡോക്ടർമാത്രമാണ്. കാർഡിയോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ ഉണ്ടായിരുന്നെങ്കിലും വർക്കിങ് അറേജ്മെന്റിൽ വന്ന ഡോക്ടർ പോയതോടെ ഇവിടെയും ആകെയുള്ളത് ഒരു ഡോക്ടർ മാത്രം.
ആതുര സേവനത്തിലെ പ്രധാന ഘടകമായ നഴ്സുമാരുടെ എണ്ണത്തിന്റെ കണക്കും വ്യത്യസ്തമല്ല. 15 ഹെഡ് നഴ്സുമാർ വേണ്ട ആശുപത്രിയിലുള്ളത് ഏഴുപേർ മാത്രം. ശസ്ത്രക്രിയ വിഭാഗം അടക്കമുള്ള സ്ഥലങ്ങളിലും നഴ്സ്മാരുടെ കുറവുണ്ട്. ശുചീകരണ തൊഴിലാളിയുടെ എണ്ണത്തിലെ കുറവ് പ്രവർത്തനങ്ങളെ ബാധിക്കുന്നുമുണ്ട്. ജീവനക്കാരുടെ അവധിയിൽ അടക്കം മാറ്റം വരുത്തിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തുകയും ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്തു. ഇതുകൊണ്ട് സാധാരണക്കാരായ രോഗികൾക്ക് ഉദ്ദേശിച്ച ഗുണം സമയബന്ധിതമായി ലഭിക്കണമെങ്കിൽ ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.