കോട്ടയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ വെള്ളി, ശനി ദിവസങ്ങളിൽ ജില്ലയില്‍ പര്യടനം നടത്തും. വെള്ളിയാഴ്ച മുണ്ടക്കയത്തെ സ്വീകരണത്തോടെ ആരംഭിക്കുന്ന പര്യടനം ശനിയാഴ്ച തലയോലപ്പറമ്പിൽ സമാപിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എ.വി. റസല്‍ വാർത്തസമ്മേളനത്തിൽ അറയിച്ചു.
ഇടുക്കി ജില്ലയില്‍ നിന്നെത്തുന്ന ജാഥയെ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുണ്ടക്കയത്തുനിന്ന് വരവേല്‍ക്കും. മന്ത്രി വി.എന്‍. വാസവന് അടക്കം മുതിർന്ന നേതാക്കൾ പങ്കെടുക്കും. നാലിന് ചങ്ങനാശ്ശേരിയിലും അഞ്ചിന് കോട്ടയത്തും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് ആദ്യ സ്വീകരണ സമ്മേളനം. 11ന് പാലാ ടൗണിലും മൂന്നിന് കടുത്തുരുത്തി മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ടും നടക്കും. നാലിന് ഏറ്റുമാനൂരിലെത്തുന്ന ജാഥ, വൈകീട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെത്തും.
മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണത്തിനായി സംഘാടകസമിതികള്‍ രൂപവത്കരിച്ചതായും വിപുലമായ പ്രചാരണങ്ങൾ നടന്നുവരികയാണെന്നും എ.വി. റസൽ അറിയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ആര്. രഘുനാഥന്, സി.ജെ. ജോസഫ്, കെ.എം. രാധാകൃഷ്ണന്, റെജി സഖറിയ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.