കോട്ടയം: കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ മറ്റൊരു അഭിമാന നേട്ടം. ഗുണനിലവാര സംവിധാനത്തിന്റെ അന്താരാഷ്ട്ര അംഗീകാരം -ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ- ജില്ലയിൽ 32 സി.ഡി.എസുകൾ കരസ്ഥമാക്കി. ജില്ലയിലെ ആദ്യത്തെ അംഗീകാരം ഭരണങ്ങാനം സി.ഡി.എസിനാണ് ലഭിച്ചത്.
അതിന്റെ മാതൃക പിന്തുടർന്ന്, ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മറ്റ് 31 സി.ഡി.എസുകളും സർട്ടിഫിക്കേഷൻ സ്വന്തമാക്കി. ഫയലുകളുടെ ക്രമീകരണം, ധനകാര്യ ഇടപാടുകളുടെ കൃത്യത, എൻ.എച്ച്.ജി. വിവരങ്ങളുടെ തുടർച്ചയായ പുതുക്കൽ, ഓഫിസ് സംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവയാണ് സർട്ടിഫിക്കേഷനിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. കുടുംബശ്രീ പ്രവർത്തനങ്ങൾ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
ജനങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയുള്ള സേവനങ്ങൾ നൽകാനും കുടുംബശ്രീ യൂനിറ്റുകളുടെ ശേഷി വർധിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കാൻ സഹായകമായത്. ജില്ലയിൽ ശേഷിക്കുന്ന 46 സി.ഡി.എസുകളും സർട്ടിഫിക്കേഷൻ നേടാനുള്ള തയാറെടുപ്പിലാണെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.