ഹരിതചട്ടം നിർബന്ധം; നിരീക്ഷണം ശക്തമാക്കും

കോട്ടയം: തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെയും തദ്ദേശ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും മേൽനോട്ടത്തിൽ ഉറപ്പാക്കും. പ്രചരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയ നിർമിക്കുന്നതിന് പേപ്പർ, മലിനീകരണ നിയന്ത്രണ സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുനഃചംക്രമണം ചെയ്യാവുന്ന പോളിഎഥിലീൻ പോലുള്ളവ ഉപയോഗിക്കാം.

ഓരോ ബോർഡിലും പി.സി.ബി വെബ് സൈറ്റിൽനിന്നു സർട്ടിഫിക്കറ്റ് ലഭിക്കും വിധമുള്ള ക്യു.ആർ.കോഡ്, പ്രിന്റിങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിക്കണം. പോളിങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണം.

പോളിങ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പ് സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കും. പ്രചാരണ സാമഗ്രികൾ ശേഖരിച്ച് യൂസർഫീ നൽകി ഹരിതകർമസേനയ്ക്ക് കൈമാറണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കം ചെയ്ത് ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും. ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മുഖേന നിരീക്ഷണം ശക്തമാക്കും.

Tags:    
News Summary - Green Protocol in Kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.