കുമരകത്ത് നടക്കുന്ന ജി 20 യോഗത്തിന് വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കം വിലയിരുത്തുന്നതിന് കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം
കോട്ടയം: ജി 20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്ത് നടക്കുന്ന ജി 20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിങ് ഗ്രൂപ് യോഗങ്ങളുടെയും സുഗമമായ നടത്തിപ്പിനായുള്ള പശ്ചാത്തല സൗകര്യമൊരുക്കൽ 25നകം പൂർത്തീകരിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ പുരോഗതി കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി.
മാർച്ച് 30 മുതലാണ് ഷെർപ യോഗം നടക്കുന്നത്. 25നകം കുമരകത്തേക്കുള്ള റോഡ് നവീകരണം അടക്കം പശ്ചാത്തലസൗകര്യങ്ങളൊരുക്കൽ പൂർത്തിയാക്കണമെന്ന് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. റോഡ്-ജലഗതാഗത സൗകര്യങ്ങൾ വിലയിരുത്തി. സമ്മേളനം നടക്കുന്ന കെ.ടി.ഡി.സി വാട്ടർസ്കേപ് വേദിയിലേക്ക് പ്രതിനിധികളെ എത്തിക്കാനുള്ള നടപടിയും വിലയിരുത്തി. ഹൗസ്ബോട്ടുകളും ഏഴു ബോട്ടുകളും സമ്മേളനത്തിനൊരുക്കിയിട്ടുണ്ട്.
അത്യാധുനിക സൗകര്യമുള്ള രണ്ട് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസും മെഡിക്കൽ ടീമടക്കം സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കായലിലെയടക്കം സുരക്ഷ ക്രമീകരണവും യോഗം വിലയിരുത്തി. സമ്മേളന ഭാഗമായി 100 കോളജ് വിദ്യാർഥികൾക്ക് പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിച്ചേക്കും.
സബ് കലക്ടർ സഫ്ന നസറുദീൻ, പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം എക്സി. എൻജിനീയർ കെ. ജോസ് രാജൻ, കെട്ടിട വിഭാഗം എക്സി. എൻജിനീയർ പി. ശ്രീലേഖ, ജലസേചന വകുപ്പ് എക്സി. എൻജിനീയർ ജോയി ജനാർദനൻ, തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ ബിനു ജോൺ, ജില്ല മെഡിക്കൽ ഓഫിസർ എൻ. പ്രിയ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, ഡി.എഫ്.ഒ എൻ. രാജേഷ്, ആർ.ടി.ഒ കെ. ഹരികൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി. കോര, ഡിവൈ.എസ്.പി കെ.ജി. അനീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.