എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികൾ വലയുന്നു

എരുമേലി: സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ദിനംപ്രതി 300 മുതൽ 500ലധികം രോഗികളെത്തുന്ന ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ പലപ്പോഴും രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്.

അത്യാഹിത വിഭാഗത്തിൽ ആവശ്യമുണ്ടായാൽ ഒ.പിയിൽനിന്നുവേണം ഡോക്ടർ എത്താൻ. രാവിലെ എട്ടര മുതൽ ഒ.പി ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന രോഗികൾക്ക് പലപ്പോഴും ഉച്ചക്ക് ശേഷമാണ് മടങ്ങാൻ കഴിയുന്നത്. കാത്തിരുന്ന് ക്ഷമകെട്ട് രോഗികൾ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി തിരികെ പോകുന്നതും പതിവാണ്. 23 വാർഡുള്ള എരുമേലി പഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനമൂലം ലാഭം കൊയ്യുന്നത് സ്വകാര്യ ആശുപത്രികളാണ്. സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമാണ് ഈ സർക്കാർ ആതുരാലയം.

കിലോമീറ്ററുകൾ താണ്ടിയാണ് എരുമേലി പഞ്ചായത്തിലെ മലയോരമേഖലയിലെ സാധാരണക്കാരായ ജനങ്ങൾ എരുമേലി സി.എച്ച്.സിയിൽ എത്തുന്നത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആറ് ഡോക്ടർമാരുടെ സേവനമാണ് വേണ്ടത്. നിലവിൽ ജോലിയിലുള്ള അഞ്ച് ഡോക്ടർമാരിൽ മൂന്ന് ഡോക്ടർമാർ കൂടുതൽ ദിവസങ്ങളിലും ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് പ്രദേശങ്ങളിലാകും ഉണ്ടാകുക.

നിയമനം നടന്ന മറ്റൊരു ഡോക്ടർ അവധിയിലാണ്. എരുമേലിയിൽനിന്ന് സ്ഥലം മാറിപ്പോയ മെഡിക്കൽ ഓഫിസർക്ക് പകരം ആളെത്തിയിട്ടില്ല.

ഡോക്ടർമാരും ഉദ്യോഗസ്ഥരും എരുമേലിയിൽ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്നും നിയമനം നടന്നാൽ ഉടൻ സ്ഥലം മാറിപ്പോകാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ട്. ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തുന്ന ഡോക്ടർമാർക്കും ജീവനക്കാർക്കും താമസിക്കാൻ നല്ലൊരു ക്വാർട്ടേഴ്സ്പോലും ഇല്ലാത്തതാണ് കാരണമെന്ന് ജീവനക്കാർതന്നെ പറയുന്നു.

പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് രോഗികൾ എത്തുന്ന എരുമേലി സർക്കാർ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടർമാരെ നിയമിക്കണമെന്നും ഇവർക്ക് മറ്റ് ജോലികൾ നൽകി മാറ്റിനിർത്തുന്നത് ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Patients surround Erumeli Government Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.