എരുമേലി: പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്‍റ് പദവിക്കായി സ്വന്തം വനിത അംഗങ്ങൾക്കിടയിലെ ചിലരുടെ അവകാശവാദങ്ങളും കുതികാൽ വെട്ടലുംകൊണ്ട് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന കോൺഗ്രസ് ഇത്തവണ കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ, കോൺഗ്രസിൽ നിരവധി അവസരങ്ങൾ ലഭിച്ചവർ തന്നെ വിമതരായി തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് മുന്നണിക്ക് തലവേദനയായിരിക്കുന്നത്.
കോൺഗ്രസിനെതിരെ വിമത പ്രവർത്തനം നടത്തിയ അനിത സന്തോഷ്, ലിസി സജി എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് അറിയിച്ചു. 23 വാർഡുണ്ടായിരുന്ന ഗ്രാമപഞ്ചായത്തിൽ 11 സീറ്റിൽ ജയം നേടുകയും സ്വതന്ത്ര അംഗം പിന്തുണക്കുകയും ചെയ്തിട്ടും കൂടുതൽ കാലവും പ്രതിപക്ഷത്തിരിക്കാനായിരുന്നു കോൺഗ്രസിന്‍റെ വിധി.
പഞ്ചായത്ത് അംഗങ്ങളായ അനിത സന്തോഷും ലിസി സജിയുമടക്കം പ്രസിഡന്‍റ് പദവിക്കായി അവകാശവാദമുന്നയിച്ചു. ഇതോടെ പ്രസിഡന്‍റ് സ്ഥാനം നാലുപേർക്ക് വീതിച്ചു നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ആദ്യ ടേമിൽ രണ്ടുപേർ പ്രസിഡന്‍റായെങ്കിലും അടുത്ത ടേം കൈമാറും മുമ്പ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ മറിയാമ്മ സണ്ണി കൂറുമാറി എൽ.ഡി.എഫിനെ പിന്തുണച്ച് വീണ്ടും പ്രസിഡന്‍റായി. ഇതോടെ ഇത്തവണ കരുതലോടെ സ്ഥാനാർഥി നിർണയത്തിനും കോൺഗ്രസ് തയാറായി.
അഞ്ചുതവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുകയും രണ്ടുതവണ പ്രസിഡന്‍റാകുകയും ചെയ്തയാളാണ് അനിത സന്തോഷ്. കഴിഞ്ഞ തവണ കിഴക്കേക്കര വാർഡിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ട അനിത സന്തോഷ് ഒഴക്കനാട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതും കോൺഗ്രസ് സീറ്റിലാണ്.
എന്നാൽ, ഇത്തവണ സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി. മറിയാമ്മ സണ്ണിയുടെ കൂറുമാറ്റത്തെ തുടർന്ന് പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ട ലിസി സജി വൈസ് പ്രസിഡന്‍റിനെതിരെ കൊണ്ടുവന്ന അവിശ്വാസത്തിൽ വോട്ട് അസാധുവാക്കി. ഇതോടെ ഇത്തവണ കോൺഗ്രസ് സീറ്റ് നൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് വിമതയായി മത്സരരംഗത്തിറങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.