ആരോഗ്യവകുപ്പ് അധികൃതർ വീടുകളിൽ പരിശോധന നടത്തുന്നു
എരുമേലി: ഗ്രാമപഞ്ചായത്ത് 21ാം വാർഡ് പെര്യൻമലയിൽ ഡെങ്കിപ്പനി റിപ്പോർട്ട്ചെയ്തു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. എരുമേലി സാമൂഹിക ആരോഗ്യം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എം.എൽ.എസ്.പി, ആശപ്രവർത്തകർ എന്നിവർ ചേർന്ന് കൊതുകുകളുടെ ഊർജിത ഉറവിട നശീകരണ പ്രവർത്തനം, ഫീവർ സർവേ, ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവയും ഫോഗിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കൂത്താടിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ട വീടുകളിൽ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസുകൾ നൽകി.
വീടും സ്ഥാപനവും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേല്‍ക്കാതെ ലേപനങ്ങള്‍ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം. കെട്ടിടങ്ങളുടെ അകത്തും പുറത്തും മേൽക്കൂരകളിലും വെള്ളംകെട്ടി നില്ക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളംനില്ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറക്കണം. പനി പടരുന്നതിനാല്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.