കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖല
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ വിദ്യാർഥികളെ
പങ്കെടുപ്പിച്ച് നടത്തിയ നബിദിന സന്ദേശ റാലി
ഈരാറ്റുപേട്ട: മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിവിധ പ്രദേശങ്ങളിലെ മദ്രസകളിൽ നിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ച് നബിദിന സന്ദേശ റാലി നടത്തി. വിദ്യാർഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
വൈകിട്ട് 5 മണിക്ക് ബഹുജനങ്ങളുടെ നബിദിന സന്ദേശ റാലി നടന്നു. തുടർന്ന് നൈനാർപള്ളി അങ്കണത്തിൽ ചേർന്ന പൊതുസമ്മേളനം നൈനാർ മസ്ജിദ് ചീഫ് ഇമാം അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഅല്ലിമീൻ മേഖല പ്രസിഡന്റ് ഷിബിലി നദ് വി അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുസ്സലാം മൗലവി ബാഖവി പ്രാർഥfയും മുഹിയുദ്ദീൻ മസ്ജിദ് ചീഫ് ഇമാം വി.പി. സുബൈർ മൗലവിയും എ.പി. ഷിഫാർ കൗസരിയും മുഖ്യപ്രഭാഷണവും നടത്തി. ജേതാക്കൾക്കുള്ള സമ്മാനദാനം നഗരസഭ ചെയർമാൻ അഡ്വ. വി.പി നാസർ നിർവഹിച്ചു.
ദക്ഷിണ സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് നദീർ മൗലവി, പുത്തൻ പള്ളി ചീഫ് ഇമാം മുഹമ്മദ് അലി ബാഖവി, കടുവാമൂഴി മസ്ജിദ് നൂർ ഇമാം ഇബ്രാഹിംകുട്ടി മൗലവി, നൈനാർ പള്ളി പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, പുത്തൻ പള്ളി പ്രസിഡന്റ് സ്വാലിഹ് ഹാജി നടുവിലേടത്ത്, മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് അഫ്സറുദ്ദീൻ പുള്ളോലിയിൽ എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരി: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം വിവിധ പരിപാടികളോടെ മർകസ് ഇസ്ലാമിക് കോംപ്ലക്സിൽ ആഘോഷിച്ചു. മർകസ് ജനറൽ സെക്രട്ടറി കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹുസൈൻ സഖാഫി ബീമാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ബാഖവി അധ്യക്ഷത വഹിച്ചു. മതവിശ്വാസങ്ങളെയും മതാചാരങ്ങളെയും മതപ്രബോധകരെയും സാമൂഹിക തലങ്ങളിലും സോഷ്യൽ മീഡിയകളിലും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായും ഇത് ഗൗരവമായി കാണേണ്ടതാണെന്നും നേതാക്കൾ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മുഹമ്മദ് ഷാഫി സഖാഫി, സി.കെ. അബ്ദുസ്സലാം, പി.എ. സാലി, ഷൗക്കത്ത് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു. അന്നദാന വിതരണ ഉദ്ഘാടനം പ്രഫ. ജിയാഷ് നിർവഹിച്ചു. മർകസുൽ ഹുദാ ഇസ്ലാമിക കോംപ്ലക്സിന് ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലി നടത്തി.
കോട്ടയം: നബിദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം മെഡിക്കൽ കോളജ് ജുമാമസ്ജിദ് നബിദിന സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ഡോ. സദറുദ്ദീൻ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നൈസാം, മുഹമ്മദ് റാഷിക്, എം.എം. ഹാഷിം, പി.എം. നസീർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, മെഡിക്കൽ, എൻജിനീയറിങ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. തുടർന്ന് നടന്ന മൗലിദ് പാരായണത്തിന് ചീഫ് ഇമാം സദറുദ്ദീൻ ബാഖവി നേതൃത്വം നൽകി.
ഇളങ്കാട്: ഇളങ്കാട് മുഹിയിദ്ദീൻ ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നബിദിനാഘോഷം ‘ഹാപ്പി മീലാദ് 2026’ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം പീരുമേട് ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് അഷറഫ് കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജലാലുദ്ദീൻ, പുളിക്കൽ സെന്റ് ജോർജ് പള്ളി വികാരി റവ. ഫാ. സിജോ അറയ്ക്കപറമ്പിൽ, പഞ്ചായത്തംഗം ജിജോ കാരയ്ക്കാട്ട്, ചീഫ് ഇമാം മുഹമ്മദ് കുട്ടി മിസ്ബാഹി, പി.കെ. രാജൻ, വിജയൻ കോമ്പാറയിൽ, കെ.ഇ. ഹബീബ്, ഹംസ ഹാജി, ഹംസ കാരയ്ക്കാട്ടിൽ, പി.എ. നാസർ, ഷിഹാബുദ്ദീൻ മളുഹരി എന്നിവർ സംസാരിച്ചു. മൻസൂർ ബാഖവി പ്രാർഥനകൾക്ക് നേതൃത്വം നൽകി.
പാറത്തോട്: പാറത്തോട് മുസ്ലിം ജമാഅത്തിന്റെയും മീലാദ് ഷെരീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നബിദിനാഘോഷ റാലിയും പൊതുസമ്മേളനവും നടന്നു. മദ്രസ വിദ്യാർഥികളുടെ റാലിയിൽ പാറത്തോട് മുഹിയിദ്ദീൻ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇസ്മായിൽ, ചീഫ് ഇമാം റിയാസുദ്ദീൻ മൗലവി, ജമാഅത്ത് സെക്രട്ടറി പി.കെ. ഷിഹാബുദ്ദീൻ, ട്രഷറർ കെ.എ. അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് ഹാജി പി.കെ. അബ്ദുസ്സലാം, ജോയന്റ് സെക്രട്ടറി പി.എച്ച്. ഷംസുദ്ദീൻ, മദ്രസ മാനേജർ പി.എം. സൈനുൽ ആബിദീൻ, ഇമാം ഷിയാസ് മൗലവി, ഷാനവാസ് പാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
നബിയുടെ ദർശനങ്ങൾ മഹത്തരം -മന്ത്രി മോൻസ് ജോസഫ്
ആപ്പാഞ്ചിറ: വ്യത്യാസങ്ങളില്ലാതെ കേരളത്തിൽ ജീവിക്കാൻ കഴിയുന്നത് നബിതിരുമേനിയെ പോലെയുള്ളവരുടെ മഹത്തായ ദർശനങ്ങളെ നാം പിന്തുടരുന്നത് കൊണ്ടാണെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
അപ്പാഞ്ചിറ മുഹിയിദ്ദീൻ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിക്ക് ആപ്പാഞ്ചിറ ജങ്ഷനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മതേതരത്വത്തിന്റെ പ്രതീകമായി നാം ഉയർത്തിപ്പിടിക്കുന്ന ഒരുപാട് നേതൃത്വങ്ങൾ കേരളത്തിലുണ്ട്. ആത്മീയ ബന്ധങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടുപോകുവാൻ എല്ലാ മനുഷ്യർക്കും കഴിയുന്നത് അതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഷെരിഫ് കൊട്ടാരത്തിപറമ്പിൽ, സെക്രട്ടറി സൈഫുദ്ദീൻ മുടൂർ, ട്രഷറർ പി. എസ്. മുഹമ്മദ് കുഞ്ഞ്, ഇമാം അബ്ദുൾ സമദ്, അസി. ഇമാം അലി തുടങ്ങിയവർ സംസാരിച്ചു.
മാന്നാർ ജങ്ഷനിൽ നബിദിന റാലിക്ക് നൽകിയ സ്വീകരണത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തൻകാല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡൻ, മെമ്പർ നോബി മുണ്ടക്കൽ, സ്റ്റീഫൻ പാറാവേലി, മിനി ദിലിപ് തുടങ്ങിയവർ സംസാരിച്ചു.
തലയോലപ്പറമ്പ്: മുഹ്യിദ്ദീൻ പള്ളി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിന റാലിയും പൊതുസമ്മേളനവും നടന്നു. ജുമാമസ്ജിദ് ചീഫ് ഇമാം ബുഖാരി ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അഡ്വ. ഫിറോഷ് മാവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷാജഹാൻ കോഴിപ്പള്ളിൽ, തലപ്പാറ മസ്ജിദ് ഇമാം റഫീഖ് ബാഖവി, ഉമ്മാകുന്ന് മസ്ജിദ് ഇമാം ഹാരിസ് ബദരി, അയ്യൂബ് പാരായിൽ, മാഹിൻ കുട്ടി വടക്കേമണപ്പുറം, ഹിദായത്തുള്ള കണ്ടോന്തറ, അസീസ് കോഴിപ്പള്ളിൽ, അഷറഫ് കുഴിപ്പറമ്പിൽ, നിസാർ പ്ലാപ്പള്ളിൽ, ഇഖ്ബാൽ പാലശ്ശേരിൽ, ഹംസ തുണ്ടപ്പറമ്പിൽ, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
എരുമേലി: തബ് ലീഗുൽ ഇസ്ലാം ജമാഅത്ത് സംഘടിപ്പിച്ച നബിദിന സന്ദേശ റാലി നൈനാർപള്ളി അങ്കണത്തിൽനിന്ന് ഇമാം അൽഹാഫിസ് ഉവൈസ് അൽ കസാഫിയുടെ പ്രാർഥനയോടെ ആരംഭിച്ചു. ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിഥുലാജ് പുത്തൻവീട്, വൈസ് പ്രസിഡന്റ് സലീം കണ്ണങ്കര, ജോ. സെക്രട്ടറി നിഷാദ് താന്നിമൂട്ടിൽ, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, നൈസാം പി. അഷറഫ്, സലിം പറമ്പിൽ, ഹക്കീം മാടത്താനി, അബ്ദുൾ നാസർ ചക്കാലക്കൽ, ഷഹനാസ്, ഷിഫാസ് എം. ഇസ്മായിൽ, അനസ് പുത്തൻവീട്, റെജി വെട്ടിയാനി, റെജി ചക്കാല, മഹൽ ഇമാമുമാർ, ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. പായിപ്പാട്: പായിപ്പാട് മുസ്ലിം പുത്തൻപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. നബിദിന റാലിയിൽ മദ്രസ വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, ഉസ്താദുമാർ, കമ്മിറ്റി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, ജമാഅത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജമാഅത്ത് ചീഫ് ഇമാം സിറാജ് അൽ ഖാസ്മിയുടെ ദുആയോടെ ആരംഭിച്ച ഘോഷയാത്രക്ക് ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുൽ ഖനി റാവുത്തർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.