1. ഹാഷിം ഡയറ 2. ഹാഷിം ലബ്ബ 3. ഹാഷിം മേത്തർ

ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ഈരാറ്റുപേട്ടയിലെ മൂന്ന് ഹാഷിമുമാരുടെയും പിന്നാലെയാണ് രാഷ്​ട്രീയ പാർട്ടികൾ. പ്രചാരണ രംഗം ചൂടുപിടിച്ചതോടെ ഇവർ വലിയ തിരക്കിലുമായി. അതിലൊന്നാമൻ സിൽവർ ഓഡിയോ സ്​റ്റുഡിയോ ഉടമ ഹാഷിം മേത്തരാണങ്കിൽ രണ്ടാമൻ അറിയപ്പെടുന്ന അനൗൺസർ ഹാഷിം ലബ്ബയാണ്. മൂന്നാമൻ ഹാഷിം ഡയറയും. ഇവർ മൂന്നുപേരും ഒന്നിച്ചാൽ ഏത് പാർട്ടിക്ക്​ വേണ്ടിയുമുള്ള തെരഞ്ഞെടുപ്പ്​ ഗാനവും അനൗൺസ്‌മെൻറും എല്ലാം റെഡി.

ഏത് തെരഞ്ഞെടുപ്പ്​ വന്നാലും പ്രചാരണരംഗം കൊഴുപ്പിക്കാൻ ഇവർ വേണമെന്ന് രാഷ്​ട്രീയ പാർട്ടികൾക്ക് നിർബന്ധമാണ്. തിരുവനന്തപുരം മുതൽ കാസർകോട്​ വരെ ഇവരുടെ ശബ്​ദ തരംഗങ്ങൾ ഇന്നും സജീവമാണ്. രണ്ട് പതിറ്റാണ്ടി​െൻറ അനുഭവ സമ്പത്തുമുണ്ട് ഇവർക്ക്.

ദിവസം മുഴുവനും വാഹനത്തിലിരുന്നുള്ള അനൗൺസ്‌മെൻറായിരുന്നു പഴമക്കാർക്ക് പരിചയം. എന്നാൽ, കമ്പ്യൂട്ടറും സൗണ്ട് കാർഡും മറ്റ് ആധുനിക സംവിധാനങ്ങളും എത്തിയതോടെ ലൈവ് അനൗൺസ്‌മെൻറിന് ഏറെക്കുറേ അവസാനിച്ചു.

വിദേശത്ത് വിഡിയോ എഡിറ്ററായി ജോലിചെയ്​തിരുന്ന ഹാഷിം മേത്തർ അവധിക്ക് നാട്ടിലെത്തുമ്പോൾ സമയം ചെലവഴിക്കാൻ തുടങ്ങിയതാണ് എഡിറ്റിങ്​ ജോലി. എന്നാൽ, നാട്ടിൽ ഇതിനുള്ള സാധ്യത കണ്ടതോടെ തൊഴിലായി ഈ മേഖല തന്നെ തെരഞ്ഞെടുത്തു.

സ്‌കൂൾ കാലം മുതൽ മൈക്കുമായി നല്ല ബന്ധമാണ് ഹാഷിം ലബ്ബക്ക്. പ്രാദേശിക നേതാക്കൾ മുതൽ അഖിലേന്ത്യ നേതാക്കൾക്കുവേണ്ടി വരെ പല സന്ദർഭങ്ങളിലും അനൗൺസ് ചെയ്തിട്ടുണ്ട്.

ചുമരെഴുത്തിലൂടെ ഈ മേഖലയിലേക്ക് കടന്ന് വന്ന ഹാഷിം ഡയറ ഇപ്പോൾ മാപ്പിളപ്പാട്ടിലൂടെ അറിയപ്പെടുന്ന ഗായകനായി. ഒട്ടനവധി സ്​റ്റേജ് പ്രോഗ്രാമിലും പാടിയിട്ടുണ്ട്.

ഈ മേഖലയിലെ പരീക്ഷണ കാലമായിരുന്നു കോവിഡ്​ കാലയളവ്. കൊറോണ വ്യാപനം തടയാൻ ആരോഗ്യവകുപ്പും നഗരസഭയും നടത്തിയ ജാഗ്രത നിർദേശ അനൗൺസ്‌മെൻറ്​ മാത്രമായിരുന്നു ഈ കാലയളവിലെ വരുമാനം. തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്താൻ സർക്കാർ അനുമതി നൽകിയതോടെ ഈ മേഖലയിൽ പുത്തനുണർവ് വന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.