തൊഴിലുറപ്പ് പണിക്ക് ഉന്നത ബിരുദക്കാരടക്കം നിരവധി യുവജനങ്ങള്‍

കോട്ടയം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ യുവജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പരിപാടിക്ക് സ്വീകാര്യതയെന്ന് കണക്ക്.ലോക്ഡൗണിനെത്തുടര്‍ന്ന് തൊഴില്‍രഹിതരായവര്‍ക്ക് കൂടി പ്രയോജനം ലഭിക്കത്തക്കവിധം യുവത-2020 എന്ന പേരില്‍ നടപ്പാക്കുന്ന പരിപാടിയില്‍ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്ത 801 യുവജനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളായി സജീവമാണ്.

18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ 597 പേര്‍ സ്ത്രീകളും 204പേര്‍ പുരുഷന്മരുമാണ്. 103പേര്‍ ബിരുദധാരികളാണ്. ബി.ടെക് യോഗ്യതയുള്ള ഏഴു പേരും എം.ബി.എക്കാരായ മൂന്നു പേരുമുണ്ട്.521 പേര്‍ വിവാഹിതരാണ്. നാട്ടില്‍ തൊഴില്‍ നഷ്​ടമായതിനെ തുടര്‍ന്ന് പദ്ധതിയില്‍ ചേര്‍ന്ന് വരുമാനം കണ്ടെത്തിയ 193 പേരില്‍ 151 പേരും ളാലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവരാണ്. വിദേശത്തെ തൊഴില്‍ നഷ്​ടമായവരാണ് മൂന്നുപേര്‍. ളാലം ബ്ലോക്കിലാണ് ഏറ്റവുമധികം അംഗങ്ങള്‍ ഉള്ളത്- 191 പേര്‍. ഈരാറ്റുപേട്ട-123, കാഞ്ഞിരപ്പള്ളി - 89, വാഴൂര്‍ -74, ഏറ്റുമാനൂര്‍ -72, പള്ളം -66, വൈക്കം -51, കടുത്തുരുത്തി -43, മാടപ്പള്ളി -42, പാമ്പാടി -27, ഉഴവൂര്‍ -23 എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലുള്ളവരുടെ കണക്ക്.

ഇവര്‍ക്കു പുറമെ 67 പേര്‍ പുതുതായി രജിസ​റ്റര്‍ ചെയ്തിട്ടുമുണ്ട്. ഒരു തൊഴില്‍ ദിവസത്തില്‍ 291 രൂപ വേതനമായി നല്‍കും. അര്‍ധ വിദഗ്ധ തൊഴില്‍ ചെയ്യുന്നവര്‍ക്ക് 750 രൂപ മുതല്‍ 1000 രൂപ വരെയാണ് ദിവസ വേതനം.സ്ത്രീകള്‍ മാത്രം ഉള്‍പ്പെട്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയില്‍ യുവജനങ്ങളെക്കൂടി പങ്കാളികളാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം 478 പേരെ ഉള്‍പ്പെടുത്തിയിരുന്നു.

ഇപ്പോള്‍ ആകെ 1279 യുവജനങ്ങളാണ് ജില്ലയില്‍ പദ്ധതിയിലുള്ളത്.താൽപര്യമുള്ളവര്‍ക്ക് അതത് ഗ്രാമപഞ്ചായത്തുകളില്‍ ബന്ധപ്പെട്ടാല്‍ തൊഴില്‍ കാര്‍ഡ് ലഭിക്കും.മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രണ്ടാഴ്ചക്കകം വേതനം ലഭിക്കുന്നുണ്ടെന്ന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റര്‍ പി.എസ്. ഷിനോ പറഞ്ഞു.

Tags:    
News Summary - job guarntee scheme, Employment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.