Representational Image

റബർ വിൽപനക്കായി ഇ-പ്ലാറ്റ്ഫോം; എംറൂബ് മേയിൽ പ്രവർത്തനസജ്ജമാകും

കോട്ടയം: ഓൺലൈൻ വ്യാപാരസൈറ്റുകളുടെ മാതൃകയിൽ റബർ വിൽപനക്കായി റബർ ബോർഡ് ഒരുക്കുന്ന ഇ-പ്ലാറ്റ്ഫോം (എംറൂബ്) മേയിൽ പ്രവർത്തനസജ്ജമാകും. മേയ് രണ്ടാംവാരത്തോടെ ലോഞ്ചിങ് നടത്താനാണ് ബോർഡിന്‍റെ തീരുമാനം. ഷീറ്റും ബ്ലോക്ക് റബറും ലാറ്റക്സും ഓൺലൈനിലൂടെ വിൽക്കാൻ അവസരം ഒരുക്കുന്നതാണ് എംറൂബ്. ഇതിലൂടെ റബര്‍ കര്‍ഷകര്‍, ലൈസൻസുള്ള വ്യാപാരികൾ, കമ്പനികൾ എന്നിവക്ക് ഇടനിലക്കാരില്ലാതെ റബർ വിൽക്കാനും വാങ്ങാനും കഴിയും. താൽപര്യമുള്ള കർഷകർക്കും കമ്പനികൾക്കും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

കര്‍ഷകര്‍ക്ക് റബര്‍ ഷീറ്റിന്‍റെ ഗ്രേഡും തൂക്കവും പ്രതീക്ഷിക്കുന്ന വിലയും അപ്‍ലോഡ് ചെയ്യാം. വിലപേശി വാങ്ങാനും അവസരമുണ്ട്. കര്‍ഷക കൂട്ടായ്മകൾക്കും മറ്റും റബര്‍ സ്വരൂപിച്ച് നേരിട്ട് വൻകിട കമ്പനികൾക്കും വ്യാപാരികൾക്കും വിൽക്കാം.

ഇതിനായി ചരക്കിന്‍റെ ഗുണത്തിൽ പരിശോധന ആവശ്യമുണ്ടെങ്കിൽ റബർബോർഡ് സഹായം നൽകും. ഇക്കാര്യം അറിയിച്ചാൽ ബോർഡ് നിയോഗിക്കുന്ന സംഘം ചരക്ക് പരിശോധിച്ച് വിവരം നൽകും. വിൽക്കാനുള്ളവർക്കും വാങ്ങാനുള്ളവർക്കും ഇ-പ്ലാറ്റ്ഫോം വഴി ആശയവിനിമയം നടത്താം. ലോകത്തെവിടെനിന്നും ഓൺലൈൻ റബർ മാർക്കറ്റിൽ പങ്കെടുക്കാം.

വാങ്ങുന്നവർക്ക് ഇ-പേയ്മെന്‍റ്വഴി പണം നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് ഫെഡറൽ ബാങ്ക്, ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളുമായി സഹകരിച്ചാണ് പണ ഇടപാടിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് നേരിട്ട് കമ്പനികളുമായി വ്യാപാരം നടത്താനുള്ള അവസരം ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രധാനനേട്ടമായി ചൂണ്ടിക്കാട്ടുന്നത്. മൊബൈൽ ഫോണുകളിലും ഉപയോഗിക്കാൻ കഴിയുന്ന ഈ പ്ലാറ്റ്ഫോം ആൻഡ്രോയിഡ്, ഐ.ഒ.എസ് വേർഷനുകളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഐ സോഴ്സിങ് ടെക്നോളജീസാണ് ' 'ഇ-പ്ലാറ്റ്ഫോം' തയാറാക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിൽ പച്ചക്കറി ഓൺലൈൻ വ്യാപാരത്തിന് ഇ-പ്ലാറ്റ്ഫോം ഒരുക്കുന്ന കമ്പനിയാണിത്. റബർ ബോർഡിന്‍റെ നിയന്ത്രണത്തിലായിരിക്കും ഓൺലൈൻ വ്യാപാരവും. റബറിന്‍റെ നേരിട്ടുള്ള റബർ വിപണന രീതി ഇതിനൊപ്പം തുടരുമെന്നും റബർ ബോർഡ് അറിയിച്ചു.

റബർ കടകളുടെ എണ്ണം കുത്തനെ കുറഞ്ഞു

കോട്ടയം: റബർ വ്യാപാരികളുടെ എണ്ണത്തിൽ കുറവ്. റബർ ബോർഡിന്‍റെ കണക്കനുസരിച്ച് 2000ൽ രാജ്യത്ത് 10,512 സജീവ റബർ വ്യാപാരികളാണുണ്ടായിരുന്നത്. 2010ൽ ഇത് 9741 ആയി കുറഞ്ഞു. 2020ൽ ഇത് 7135 ആയി ചുരുങ്ങി. നിലവിൽ എണ്ണത്തിൽ വീണ്ടും കുറവുണ്ടായതായാണ് റബർ ബോർഡിന്‍റെ വിലയിരുത്തൽ.

റബർ വിലയിടിവാണ് പല വ്യാപാരികളെയും മേഖലയിൽനിന്ന് അകറ്റിയത്. നേരത്തേ കേരളത്തിലെ റബർ മേഖലകളിലും ഇതിനോട് ചേർന്ന പ്രദേശങ്ങളിലും റബർ വ്യാപാരവുമായി ബന്ധപ്പെട്ട് ചെറുകിട കച്ചവടക്കാർ വ്യാപകമായിരുന്നു. ഇത് ഭൂരിഭാഗവും അടച്ചുപൂട്ടി. റബർ ഉപേക്ഷിച്ച പലരും മറ്റ് കൃഷികളിലേക്ക് മാറിയതാണ് ചെറുകിട വ്യാപാരികൾക്ക് തിരിച്ചടിയായത്. വലിയ തോതിൽ റബർ ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങൾക്ക് പുറത്തുള്ള വ്യാപാരികളിൽ ഭൂരിഭാഗവും നിലവിൽ കളം വിട്ട നിലയിലാണ്.

Tags:    
News Summary - E-platform for rubber sales; Emroob will be operational in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.