ചങ്ങനാശ്ശേരി: മുട്ടാർ-നീലംപേരൂർ തോട്ടിലൂടെ പോളയും മാലിന്യവും ഒഴുക്കിവിടുന്നതായി പരാതി. നാട്ടുകാർ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത് തോട്ടിലെ വെള്ളമാണ്. ഇത് മലിനമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തോടിലൂടെ ചെറിയ അളവിൽ പോള ഒഴുകിവന്നിരുന്നെങ്കിലും കാര്യമാക്കിയില്ലെന്നും സമീപ വീട്ടുകാർ ഇത് വാരിക്കളയുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പോള ഒഴുകിയെത്തുകയായിരുന്നു.
എ.സി കനാലിൽ പോള വാരുന്ന ജോലികൾ ആരംഭിച്ചത് മുതലാണ് തോട്ടിൽ പോള എത്താൻ തുടങ്ങിയതെന്നും മനക്കച്ചിറ ഭാഗത്തുനിന്ന് വലിയ പോളകൾ തോട്ടിലേക്ക് ഒഴുക്കിവിടുന്നതാണ് പ്രശ്നത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു. ഒഴുകിയെത്തുന്ന പോളയും മാലിന്യവും കുമരങ്കരി ഒന്നാംപാലത്തിന് സമീപത്തും വാലടി പാലം കുമരങ്കരി പുരളിക്ക് സമീപത്തെ പാലം എന്നിവിടങ്ങളിലും അടിഞ്ഞുകിടക്കുകയാണ്. ചെറുവള്ളങ്ങൾക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ പോള അടിഞ്ഞു. വെള്ളപ്പൊക്ക സമയത്ത് പോള ഒഴുകിവരുന്നത് നാട്ടുകാർ തള്ളിവിടുകയാണ്. വലിയ അളവിൽ പോള ഒഴുകിവരുന്നതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇവർ പറയുന്നു.
ജല അതോറിറ്റി പൈപ്പ് ലൈനിൽ മിക്ക സമയത്തും വെള്ളം ലഭിക്കാത്തതിനാൽ അടുക്കളയിലെ ആവശ്യങ്ങൾക്കുൾപ്പെടെ തോട്ടിലെ വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. പോള അടിഞ്ഞതോടെ ഈ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായി. നീരുറവ പദ്ധതിപ്രകാരം ലിസ്റ്റിൽ ഉൾപ്പെട്ട തോടാണ് ഇതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. തോട്ടിലെ പോള നീക്കംചെയ്യാൻ ഭീമമായ തുക ആവശ്യമായി വരും.
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നാട്ടുകാർ ബന്ധപ്പെട്ടിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.