സുധി സുരേഷ്, വിനോജ്കുമാർ
കോട്ടയം: ബേക്കർ സ്കൂളിൽനിന്ന് പണവും സാധനങ്ങളും മോഷ്ടിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ സുധി സുരേഷ് (54), വിനോജ്കുമാർ (49) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് പ്രതികൾ ഓഫിസിലെയും സ്റ്റാഫ് റൂമിലെയും പ്രിൻസിപ്പലിന്റെ മുറിയിലെയും താഴുകൾ തകർത്ത് അകത്തുകയറി 40,000 രൂപ വില വരുന്ന ഡിജിറ്റൽ കാമറകളും 44,000 രൂപ വിലവരുന്ന ഹാർഡ് ഡിസ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച പണവുമടക്കം മോഷ്ടിച്ചത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വിനോജ് കുമാറിനെ കൊല്ലത്തുനിന്നും സുധി സുരേഷിനെ വണ്ടിപ്പെരിയാറ്റിൽനിന്നും പിടികൂടിയത്. മോഷ്ടിച്ച ക്യാമറകളുടെ ഡി.വി.ആറും ഹാർഡ് ഡിസ്കും സമീപത്തെ കിണറ്റിൽനിന്ന് കണ്ടെടുത്തു. കാഞ്ഞിരപ്പള്ളിയിലെ എ.കെ.ജെ.എം ഹൈസ്കൂളിലും മോഷണം നടത്തിയതായി ഇവര് പൊലീസിനോട് പറഞ്ഞു.
വെസ്റ്റ് എസ്.എച്ച്.ഒ പ്രശാന്ത് കുമാർ, എസ്.ഐമാരായ അജ്മൽ ഹുസൈൻ, കെ. ജയകുമാർ, സിജു സൈമൺ, അനീഷ് വിജയൻ, ഷിനോജ്, സി.പി.ഒമാരായ ദിലീപ് വർമ, കെ.എം. രാജേഷ്, കെ.എൻ. രതീഷ്, ശ്യാം എസ്.നായർ, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
സുധി സുരേഷ് ഏനാത്ത്, കൊല്ലം ഈസ്റ്റ്, പെരുവന്താനം, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലും വിനോജ് കുമാർ ഏനാത്ത്, കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, പെരുവന്താനം, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലും മോഷണക്കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.