ഇടുക്കി ജില്ലയിൽ 285 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്‍റി നാർകോട്ടിക് ക്ലബ്

തൊടുപുഴ: ജില്ലയിലെ 224 സ്കൂളുകളിലും 61 കോളജുകളിലുമായി ആകെ 285 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആന്‍റി നാർകോട്ടിക് ക്ലബ് രൂപവത്കരിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊലീസ് നടപ്പാക്കുന്ന 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായാണിത്.

സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചുവരുകയാണ്. ഇതുവരെ 323 ബോധവത്കരണ ക്ലാസും 475 റെയ്ഡും നടത്തി. ലഹരിവിരുദ്ധ പ്രമോഷനൽ വിഡിയോകൾ തയാറാക്കി വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ യോദ്ധാവ് പദ്ധതിയെക്കുറിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നു.

കൂടാതെ യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രദേശവാസികളെയും വിദ്യാർഥികളെയും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളെയും ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണ റാലികളും വടംവലി, ഫ്ലാഷ്മോബ്, പോസ്റ്റർ പ്രചാരണം, ബ്രോഷർ വിതരണം, ഷോർട്ട് ഫിലിം, ആന്‍റി നാർകോട്ടിക് പ്ലഡ്ജ് തുടങ്ങിയവയും സംഘടിപ്പിച്ചു.പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താനും ആവശ്യമായ നിർദേശങ്ങൾ നൽകാനും ഇടുക്കി നാർകോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാത്യു ജോർജിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും ആന്‍റി നാർകോട്ടിക് കോഓഡിനേറ്റർമാരുടെ യോഗം നടത്തി.

പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ലഹരി എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ എല്ലാ സ്‌കൂളിലും കോളജിലും അധ്യാപകരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് സബ് ഡിവിഷൻതലത്തിൽ പരിശീലനം സംഘടിപ്പിച്ചു. യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അവബോധം നൽകാൻ ജില്ലതലത്തിൽ ജനമൈത്രി ബീറ്റ് ഓഫിസർമാർക്കും ജില്ലയിലെ എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും എൻ.ഡി.പി.എസ് കേസുകൾ സംബന്ധിച്ചും പ്രത്യേകം പരിശീലനവും നൽകി.

Tags:    
News Summary - Anti-narcotics club in 285 educational institutions in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.