വൈക്കം: അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ വേഗ 120 അതിവേഗ എ.സി ബോട്ട് തിരിച്ചെത്തിയില്ല. 2019 ൽ എട്ട് ദിവസത്തേക്ക് മുടങ്ങുമെന്ന് പറഞ്ഞാണ് ജലഗതാഗത വകുപ്പ് ബോട്ട് കൊണ്ടുപോയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ബോട്ടിനെക്കുറിച്ച് വിവരമില്ല. ഇതോടെ വൈക്കം-എറണാകുളം റൂട്ടിൽ വേമ്പനാട്ടുകായൽ വഴിയുള്ള എ.സി ബോട്ട് സർവിസ് നിലച്ചു.
വൈക്കം ജെട്ടിയിൽനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ബോട്ട് 9.15ന് എറണാകുളം സുഭാഷ് പാർക്കിനു സമീപത്തെ ജെട്ടിയിൽ എത്തും. ഇതിനിടെ നാലു സ്റ്റോപ്, 35 കിലോമീറ്റർ ദൂരം. 40 എ.സി സീറ്റും 30 നോൺ എ.സി സീറ്റുമാണ് ബോട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. എ.സിക്ക് 80 രൂപയും നോൺ എ.സിക്ക് 40 രൂപയുമായിരുന്നു ചാർജ്. 120 യാത്രക്കാരും നാലു ജീവനക്കാരും ഉൾപ്പെടെ 124 യാത്രക്കാർക്ക് സഞ്ചരിക്കാം.
കൊച്ചി ജെട്ടിയിൽ ചില സ്ഥലങ്ങളിൽ സർവിസ് നടത്തിയ ശേഷം വൈകീട്ട് 5.30ന് വൈക്കത്തേക്ക് തിരിക്കും. ടൂറിസം മേഖലക്കു മുതൽക്കൂട്ടായിരുന്ന ഈ സർവിസ് യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു. റോഡ് മാർഗം രണ്ടു മണിക്കൂറിൽ കൂടുതലെടുക്കും എറണാകുളത്ത് എത്താൻ. വേഗയിലാണെങ്കിൽ ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് എത്താം. രാവിലെ വേഗയിൽ എറണാകുളത്തു പോയി കാഴ്ചകണ്ട് വൈകുന്നേരത്തെ ബോട്ടിൽ വൈക്കത്ത് തിരിച്ചെത്താം. വേഗ വൈക്കം ജെട്ടിയിൽ തിരിച്ചെത്താത്തതിനു പിന്നിൽ ചിലരുടെ താൽപര്യങ്ങളാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വരുമാനം കുറവും ചെലവ് കൂടുതലും ആയതാണ് സർവിസ് നിർത്താൻ കാരണമെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്. ജനങ്ങൾ ഉപകാരപ്രദമായിരുന്ന ബോട്ട് സർവിസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് സി.കെ. ആശ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.