പണിയുണ്ട്​;​ പണമില്ല; തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്​ ലഭിക്കാനുള്ളത്​ 17.93 കോടി

കോട്ടയം: തൊഴിലുറപ്പ്​ പദ്ധതിയിലെ വേതനം കുടിശ്ശികയായതോടെ തൊഴിലാളികൾ ദുരിതത്തിൽ. ജില്ലയിൽ 17,93,48,757 രൂപയാണ്‌ കുടിശ്ശിക. ഇതിൽ 5,84,44,124 രൂപ പട്ടികജാതി വിഭാഗത്തിനും 98,24,720 രൂപ പട്ടികവർഗ വിഭാഗത്തിലെ തൊഴിലാളികൾക്കുമാണ്​ ലഭിക്കാനുള്ളത്​. മൊത്തം 75,000 തൊഴിലാളികളാണ്​ പണിയെടുത്ത കൂലിക്കായി ജില്ലയിൽ കാത്തിരിക്കുന്നത്​. 72 പഞ്ചായത്തുകളിലെ 56,744 കുടുംബങ്ങളാണ്​ ഇതുമൂലം പ്രതിസന്ധിയിലായത്​. കോവിഡ്‌ കാലത്ത്​ ജോലിയെടുത്തതിന്‍റെ അടക്കം വേതനമാണ്​ കുടിശ്ശിക​. ജില്ലയിൽ തൊഴിൽകാർഡ്‌ എടുത്ത 1,17,477 പേരിൽ 93,942 പേരും സ്‌ത്രീകളാണ്‌. കേന്ദ്രവിഹിതത്തിൽനിന്നാണ്​ തൊഴിലാളികൾക്ക്​ ശമ്പളം. ഇത്​ ലഭിക്കാത്തതുമൂലമാണ്​ തടസ്സപ്പെടുന്നതെന്ന്​ പഞ്ചായത്തുകൾ പറയുന്നു. അടുത്തിടെയായി പട്ടികജാതി വിഭാഗം, ജനറൽ എന്നിങ്ങനെ രണ്ടാണ്​ വിഭജിച്ചാണ്​ വേതനത്തിനായുള്ള തുക കേന്ദ്രം അനുവദിക്കുന്നത്​. ഇപ്പോൾ രണ്ടുവിഭാഗത്തിലുള്ളവർക്കും പണം ലഭിക്കാനുണ്ട്​. ഇത്തവണത്തെ കേന്ദ്രബജറ്റിൽ തൊഴിലുറപ്പ്​ വിഹിതത്തിൽ കുറവും വരുത്തി. കഴിഞ്ഞ വർഷം കേന്ദ്രവിഹിതം 1300 കോടിയായിരുന്നത്‌ ഇത്തവണ 730 കോടിയായിട്ടാണ്​ കുറച്ചത്​. 291 രൂപയാണ്‌ തൊഴിലാളികളുടെ കൂലി. ഗ്രാമീണമേഖലകളിലാണ്​ (പഞ്ചായത്തുകൾ) തൊഴിലുറപ്പ്​ പദ്ധതി കേന്ദ്രം നടപ്പാക്കിയിരിക്കുന്നത്​. കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വേതനം ഉയർത്തണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. കേന്ദ്രവിഹിതം വർധിപ്പിക്കുക, ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ നിയമഭേദഗതി ചെയ്യുക, ജാതി അടിസ്ഥാനത്തിൽ കൂലികൊടുക്കുന്നത്‌ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ​ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ മുന്നോട്ടു​വെക്കുന്നു. കേരളത്തി​ലെ സാഹചര്യം കണക്കിലെടുത്ത്​ സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ അയ്യൻകാളി പദ്ധതിയെന്ന​പേരിൽ തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലെ വേതനം കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നു​മുണ്ട്​. സംസ്ഥാന നഗരവികസന വകുപ്പാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുകയാണ്​ ചെയ്യുന്നത്​. 2,65,0000 കുടുംബങ്ങളാണ്​ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്​. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചാൽ നഗരങ്ങളിലെ ജീവിതച്ചെലവിന്‌ അനുസരിച്ച്‌ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്താൽ കൂടുതൽ കൂലികൊടുത്ത്‌ കൂടുതൽ തൊഴിൽ ദിനം സൃഷ്ടിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.